യുഎഇ: രാജ്യത്ത് വേനല്‍ക്കാലം കൂടുതല്‍ ശക്തമാകുന്നു ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി.
ഈ ആഴ്ച രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും കനത്ത ചൂട് കൂടും.
ഈ സമയങ്ങളില്‍ ശക്തമായ കാറ്റ് വീശിയടിക്കാനും അന്തരീക്ഷത്തില്‍ വലിയ രീതിയില്‍ പൊടിയും മണലും ഉയരുമെന്നും അറിയിച്ചു. കൂടാതെ അറേബ്യൻ ഗള്‍ഫിലെ കടല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവരും തീരപ്രദേശങ്ങളില്‍ ഉള്ളവരും മുൻകരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ ഉണ്ടാകുന്ന മർദ്ദ സംവിധാനങ്ങളും അന്തരീക്ഷത്തില്‍ കാണുന്ന ഉയർന്ന വായു മർദ്ദത്തിന്റെ കാരണത്താലാണ് വരും ദിവസങ്ങളില്‍ താപനില ഉയരുന്നതിനും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നതെന്ന് എൻസിഎം അറിയിച്ചു. നിലവില്‍ പൊതുവെ തെളിഞ്ഞ ആകാശം ആയിരിക്കുമെങ്കിലും പെട്ടെന്ന് ശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുള്ളതായും അറിയിച്ചു.
നേരിയതോ മിതമായതോ ആയ കാറ്റ് ചില സമയങ്ങളില്‍ ചൂടില്‍ നിന്ന് നേരിയ ആശ്വാസം നല്‍കുമെങ്കിലും മണല്‍ പ്രദേശങ്ങളില്‍ ഇത് കനത്ത പൊടിപടലങ്ങള്‍ ഉയർത്താനും ഇടയാക്കും. അതിനാല്‍ വാഹനമോടിക്കുന്നവർ റോഡുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണമെന്നും വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടാൻ പോകുന്ന താപനിലയുടെ പ്രവചനവും കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു. ഇതനുസരിച്ച് യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. കൂടാതെ ചില സ്ഥലങ്ങളില്‍ 42 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 46 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് അറിയിപ്പ്.
പർവതപ്രദേശങ്ങളില്‍ താരതമ്യേന കുറഞ്ഞ ചൂടായിരിക്കുമെങ്കിലും വരും ദിവസങ്ങളില്‍ താപനില 32 ഡിഗ്രി മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഈ വരുന്ന വെള്ളിയാഴ്ച വരെ യുഎഇയില്‍ സമാനമായ കാലാവസ്ഥ തന്നെ തുടരുമെന്നാണ് അറിയിപ്പ്.
അതേസമയം അറേബ്യൻ ഗള്‍ഫിലും മുന്നറിയിപ്പുണ്ട്. കടല്‍ മിതമായ നിലയില്‍ നിന്നും പ്രക്ഷുബ്ധമായ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതായും വരും ദിവസങ്ങളില്‍ ബീച്ചുകളില്‍ പോകുന്നവരും കടലില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. ഒമാൻ കടലില്‍ ചില സമയങ്ങളില്‍ നേരിയ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കി.

