അബുദാബി: മിഡില്‍ ഈസ്റ്റ് സംഘർഷ സാഹചര്യങ്ങള്‍ക്കിടയില്‍ തന്ത്രപ്രധാന മേഖലകള്‍ ചിത്രീകരിച്ചതിനും സോഷ്യല്‍ മീഡിയ വഴി വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ചതിനും 375 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു ഇതോടെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിർദേശം നല്‍കി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവർ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ നടന്നു കൊണ്ടിരുന്ന സംഘർഷ സാഹചര്യത്തില്‍ അധികൃതർ നിരവധി തവണ ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാല്‍ തുടർച്ചയായി നിയമ ലംഘനം നടത്തിയതായാണ് വിവരം. തുടർന്ന് നിയമലംഘനം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യുകയും നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
നേരത്തെ തന്നെ മിഡില്‍ ഈസ്റ്റിലെ സംഘർഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങള്‍ തടയാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിരിന്നു. എമിറേറ്റിലുടനീളം സുരക്ഷ ഏജൻസികളുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേർ പിടിയിലായത്.
നിരോധിത മേഖലകളുടെ ദൃശ്യങ്ങള്‍ പകർത്തിയതും, നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് തെറ്റായ രീതിയില്‍ വിവരങ്ങള്‍ കൈമാറി കൊണ്ട് വീഡിയോകള്‍ പ്രചരിപ്പിച്ചതുമാണ് നിലവില്‍ കണ്ടെത്തിയ പ്രധാന കുറ്റങ്ങള്‍. കൂടാതെ ഇത്തരം നടപടികള്‍ നിയമ ലംഘനമാണെന്നും ആവർത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഔദ്യോഗിക നിർദ്ദേശങ്ങള്‍ അവഗണിക്കുന്നത് തുടരുകയാണെന്നും പോലീസ് പറഞ്ഞു.
സൈനിക കേന്ദ്രങ്ങള്‍, സർക്കാർ കെട്ടിടങ്ങള്‍, എംബസികള്‍, തന്ത്രപ്രധാനമായ മേഖല എന്നിവയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് യുഎഇ നിയമ പ്രകാരം കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും. കൂടാതെ സംഘർഷ സാഹചര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത വിവരങ്ങള്‍ വാട്സാപ്പ് വഴിയോ സോഷ്യല്‍ മീഡിയ വഴിയോ പ്രചരിപ്പിക്കുന്നതും യുഎഇ കുറ്റകരമായാണ് കാണുന്നത്.
അതേസമയം പൊതുജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോകളോ ശബ്ദസന്ദേശങ്ങളോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. ഇനിയും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും നിയമ ലംഘനം നടത്തിയ എല്ലാവരെയും കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.
കൂടാതെ വിവരങ്ങള്‍ ഷെയർ ചെയ്യുന്നതിന് മുന്നേ അത് സത്യമായാണോ എന്ന കാര്യം ഉറപ്പ് വരുത്തണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കുക. സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ കൈമാറുന്നത് പരമാവധി ഒഴിവാകാണാമെന്നും അറിയിച്ചു.
സംഘർഷ സമയങ്ങളില്‍ ഇതേ രീതിയില്‍ വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പല തവണകളായി ഇത്തരം നിയമ ലംഘനം നടത്തരുതെന്നും അധികൃതർ നല്‍കുന്ന നിർദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിരുന്നു എന്നാല്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവർ ഇതെല്ലം അവഗണിക്കുകയായിരുന്നു.

