Monday, 10 Aug, 10.53 pm എന്റെ സംരംഭം

വിജയകഥകള്‍
ആരോഗ്യകാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുക

ആരോഗ്യകാര്യത്തില്‍ മുന്‍കരുതല്‍ എടുക്കുക

ഡോ. അരുണ്‍ ദാസ് എച്ച്‌, മെഡിവെല്‍ ക്ലിനിക്

ചെങ്ങന്നൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മെഡിവെല്‍ ക്ലിനിക്. ആരോഗ്യമേഖലയിലെ അടിസ്ഥാനപരമായ കാര്യമാണ് മെഡിവല്‍ ക്ലിനിക് ചെയ്യുന്നത്. ഒരു മേഖലയുടെ ഫാമിലി ഡോക്ടര്‍ എന്ന നിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആരോഗ്യത്തെക്കുറിച്ച്‌ അടിസ്ഥാനപരമായി പറയുന്നത് പോലെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് നല്ലത് എന്ന ആശയം തന്നെയാണ് സ്ഥാപനം പിന്തുടരുന്നത്. ഹോസ്പിറ്റല്‍ മേഖലയില്‍ ഏറ്റവും ആവശ്യമുള്ള കാര്യങ്ങളാണ് പ്രൈമറി കെയറും എമര്‍ജന്‍സി കെയറും. ഇത് രണ്ടും കൃത്യമായി കിട്ടിയാല്‍ ഒരു വ്യക്തിക്ക് ആരോഗ്യകരമായി ഇരിക്കാന്‍ സാധിക്കുന്നു. ഇപ്പോള്‍ കണ്ടുവരുന്ന രോഗങ്ങള്‍ പലതും മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. ഒരു വ്യക്തിയുടെ ആരോഗ്യം എന്നതിലുപരി ഒരു സമൂഹത്തിന്റെ ആരോഗ്യത്തിനാണ് മെഡിവെല്‍ പ്രാധാന്യം നല്‍കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ ഗുണമേന്മയുള്ള ചികിത്സയാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.

കോവിഡും ലോക്‌ഡൗണും വന്നപ്പോള്‍ പലരും പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആര്‍ക്കും ഹോസ്പിറ്റലില്‍ പോകേണ്ട, രോഗങ്ങള്‍ ഇല്ല എന്നൊക്കെ. എന്നാല്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന ആംബുലന്‍സുകളുടെ ശബ്ദവും ആശുപത്രികളില്‍ കാണുന്ന തിരക്കും ആക്സിഡന്റുകള്‍ മൂലം ഉണ്ടകുന്നതാണ്. എന്നാല്‍ ആളുകള്‍ പുറത്തിറങ്ങാതായതോടെ ഇതില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അതുപോലെ വീട്ടിലെ അംഗങ്ങള്‍ എല്ലാവരും ഒരുമിച്ചായിരിക്കുമ്ബോള്‍ മാനസീകമായ റിലാക്സേഷന്‍ ലഭിക്കുകയും അതോടൊപ്പം പല അസുഖങ്ങളും മാറുകയും ചെയ്യും. കോവിഡിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാസ്ക്, ഹാന്‍ഡ് വാഷ്, സാനിട്ടയ്‌സര്‍ എന്നിവ പല രോഗങ്ങളെയും തടയുന്നുണ്ട്.

ഇപ്പോള്‍ പ്രധാനമായും ഉണ്ടാകുന്നത് വീട്ടില്‍ വെറുതെയിരിക്കുന്നത് മൂലമുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളും മറ്റുമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നുണ്ട്. ആളുകളെ അനാവശ്യമായി ആശുപത്രിയിലേക്ക് വരേണ്ടിവരുന്നില്ല എന്നതാണ് നേട്ടം. അതുപോലെ ആശുപത്രിയില്‍ വരുന്നവര്‍ പലരും കൃത്യമായി അപ്പോയ്ന്റ്മെന്റ് എടുക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ മാക്സിമം പ്രയോജനപ്പെടുത്തുന്നുണ്ട്.

സാധാരണ ദിവസങ്ങളില്‍ രാവിലെയും വൈകുന്നേരവുമായിരുന്നു ക്ലിനിക്കില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നത്. അല്ലാത്ത സമയങ്ങളില്‍ എമര്‍ജന്‍സി കേസുകള്‍ മാത്രമായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പലരും വീട്ടില്‍ വെറുതെ ഇരിക്കുന്നത്കൊണ്ട് പല അസുഖങ്ങളും അവര്‍ക്ക് ഉണ്ടോ എന്ന തോന്നല്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ക്ക് ആശുപത്രിയില്‍ വരാന്‍ ഭയമാണ്. അതുപോലെ ഗുരുതരമായ പല പ്രശ്നങ്ങളും തക്കസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കാതെ മരണം വരെ സംഭവിക്കുന്ന അവസ്ഥകളും ഉണ്ട്. ഇത്തരത്തില്‍ കാര്യമായിത്തന്നെ ആരോഗ്യമേഖലയെ കോവിഡും ലോക്‌ഡൗണും ബാധിച്ചിട്ടുണ്ട്.

കോവിഡിനുള്ള വാക്സിന്‍ പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ശാസ്ത്രീയമായ എല്ലാ പരീക്ഷണങ്ങളും ആളുകളിലേക്ക് വാക്സിന്‍ എത്താന്‍ ഇനിയും കാലതാമസമെടുക്കും. പരമാവധി അസുഖം വരാതെ നോക്കുക എന്നതാണ് ഇപ്പോള്‍ പ്രതിവിധി. സാമൂഹീകാകലം പാലിച്ചും അനാവശ്യമായ കൂടിച്ചേരലുകള്‍ ഒഴിവാക്കിയും രോഗത്തിന്റെ വ്യാപനം തടയേണ്ടതുണ്ട്. അതുപോലെ മാസ്ക്, സാനിട്ടയ്സര്‍ എന്നിവ വൃത്തിയായും കൃത്യമായും ഉപയോഗിക്കേണ്ടതുണ്ട്.

ഇനിയുള്ള നാളുകളില്‍ വ്യക്തികളുടെ ആരോഗ്യത്തെക്കാള്‍ ഉപരി സമൂഹത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കണം. കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്. അതിലൂടെ പല രോഗങ്ങളും തടയാനാകും. അതുപോലെ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം. സമൂഹത്തിന്റെ ആരോഗ്യം, വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യം, പരിസ്ഥിതിയുടെ ആരോഗ്യം, തുടങ്ങി 'വണ്‍ ഹെല്‍ത്' എന്ന ചിന്താഗതിയിലേക്ക് നമ്മള്‍ മാറേണ്ടിയിരിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Samrambham
Top