
ഡല്‍ഹി: രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലായി നടപ്പിലാക്കുന്ന 30,000 കോടി രൂപയുടെ പ്രമുഖ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.
ബുധനാഴ്ച ചേര്‍ന്ന 51-ാമത് 'പ്രഗതി' യോഗത്തിലാണ് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചത്.
വലിയ പൊതുജനക്ഷേമ പദ്ധതികള്‍ കൃത്യസമയത്ത് തന്നെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ കൂടുതല്‍ സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണനിര്‍വ്വഹണം കാര്യക്ഷമമാക്കാനും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് 'പ്രഗതി'.
നഗരങ്ങളിലെ വീടുകളിലും ഫ്‌ലാറ്റുകളിലും പൊതു സ്ഥാപനങ്ങളിലും മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സാധാരണക്കാരുടെ വൈദ്യുതി ചെലവ് കുറയ്ക്കാനും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനും ഇത് 'മിഷന്‍ മോഡില്‍' നടപ്പിലാക്കണം.
സ്വച്ഛ് ഭാരത് മിഷന്‍ 2.0-ന്റെ ഭാഗമായി നഗരങ്ങളിലെ മാലിന്യ സംസ്‌കരണത്തിനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തിരമായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പദ്ധതികള്‍ വൈകുന്നത് ഒഴിവാക്കാന്‍ സാങ്കേതിക തടസ്സങ്ങളും ഭൂമിേറ്റടുക്കല്‍ നടപടികളും വേഗത്തില്‍ പരിഹരിക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
