
'അമരന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം മമ്മൂട്ടിയും കൈകോര്‍ക്കുന്നു.
'ഡി 55' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന വമ്പന്‍ ആക്ഷന്‍ ഇമോഷണല്‍ ത്രില്ലറില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം മമ്മൂട്ടി പൂര്‍ത്തിയാക്കി. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശങ്ങള്‍ റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. എന്നാല്‍ ഏത് പ്ലാറ്റ്ഫോമാണ് ഇത് സ്വന്തമാക്കിയതെന്ന വിവരം നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
കഥ കേട്ടയുടന്‍ തന്നെ മമ്മൂട്ടി പ്രോജക്റ്റിന് സമ്മതം മൂളുകയായിരുന്നു. സിനിമയില്‍ കുറഞ്ഞ സീനുകളേ ഉള്ളൂവെങ്കിലും കരിയറിലെ തന്നെ ഏറ്റവും പവര്‍ഫുള്‍ ആയൊരു കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക. നേരത്തെ മമ്മൂട്ടി ചിത്രമായ 'കമ്മത്ത് ആന്‍ഡ് കമ്മത്തില്‍' ധനുഷ് അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ടെങ്കിലും, പൂര്‍ണമായും ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത് ആരാധകര്‍ക്കു വലിയ പ്രതീക്ഷയാണു നല്‍കുന്നത്.
ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ കോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയം. ചിത്രത്തിനായി ആദ്യം 35 കോടി രൂപയാണ് താരത്തിന് വാഗ്ദാനം ചെയ്തതെങ്കിലും മമ്മൂട്ടി അത് നിരസിക്കുകയായിരുന്നു. അത്രയും വലിയ തുക പ്രതിഫലമായി വേണ്ടെന്ന് നിലപാടെടുത്ത താരം, ഒടുവില്‍ 24 കോടി രൂപയ്ക്കാണ് കരാറൊപ്പിട്ടത്. നിര്‍മാതാവിനും സിനിമയ്ക്കും ഭാരമാകാതിരിക്കാന്‍ പ്രതിഫലം കുറച്ച മമ്മൂട്ടിയുടെ തീരുമാനം തമിഴ് സിനിമാലോകത്ത് വലിയ അഭിനന്ദനങ്ങള്‍ നേടുന്നുണ്ട്.
ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരുടെ പ്രതിഫല വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ധനുഷ് 45 കോടി, സായ് പല്ലവി 12 കോടി, രാജ്കുമാര്‍ പെരിയസാമി 15 കോടി, ശ്രീലീല (അതിഥി വേഷം) 3 കോടി എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം. സായ് പല്ലവിയും ശ്രീലീലയും ആദ്യമായി ഒന്നിക്കുന്ന ധനുഷ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവതാരം സായ് അഭ്യങ്കറാണ്.
