
തിരുവനന്തപുരം: 42 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ അന്വേഷണം വീണ്ടും സജീവമാകുന്നു.
സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ജോണ്‍ മേനോൻ എന്ന വ്യക്തിയെക്കുറിച്ച് മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരില്‍നിന്ന് പൊലീസിന് ലഭിച്ച അനൗദ്യോഗിക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. ബ്രൂണെയില്‍ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടെന്ന വിവരത്തില്‍ സ്ഥിരീകരണം തേടി ഇൻ്റർപോളിന്റെ സഹായം തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
മലേഷ്യയിലും ഇന്ത്യോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില ഉദ്യോഗസ്ഥർക്ക് വിവരം നല്‍കിയത്. ദുരൂഹ ഇടപാടുകാരനാണ് ജോണ്‍ മേനോനെന്നാണ് വിവരം. നിർമ്മാണ സാധനങ്ങളുടെ കരാറില്‍ രണ്ടു വർഷം മുമ്പ് ക്രമക്കേട് നടത്തിയ സംഭവത്തില്‍ ജോണിൻ്റെ പാർട്ട്ണറായ പാകിസ്ഥാനിക്കെതിരെ കേസെടുത്തിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് പരിചയപ്പെട്ട ചിലരോട് ജോണ്‍ പറഞ്ഞിരുന്നത്.
പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന പ്രചാരണങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് തുടരുകയാണ്. ഏഷ്യൻ രാജ്യമായ ബ്രൂണെയില്‍ സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങളില്‍ സ്ഥിരീകരണം വരുത്താനായി ഇൻ്റർപോളിൻ്റെ സഹായം ക്രൈംബ്രാഞ്ച് തേടും.
നിലവില്‍ പുറത്തുവരുന്ന വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്യാം സുന്ദർ ഇൻ്റർപോളിന് കത്ത് നല്‍കും. സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ ഈ വിവരങ്ങള്‍ പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇൻ്റർപോളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ച ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
80 വയസ്സില്‍ അധികമുള്ള ഹൃദ്രോഗബാധിതനായ സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിമഗനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരുന്നു. ഇതിനിടെയാണ് സുകുമാരക്കുറുപ്പിൻ്റെ രൂപസാദൃശ്യമുള്ള വ്യക്തിയെ കണ്ടുവെന്ന പ്രചാരണങ്ങള്‍ സജീവമായത്. ജോണ്‍ മേനോൻ എന്ന പേരില്‍ സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ താമസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരം.
