
ഡല്‍ഹി: ചൈനീസ് സ്റ്റാര്‍ട്ടപ്പായ 'സെഡ്.എഐ' തങ്ങളുടെ ഏറ്റവും പുതിയ കൃത്രിമബുദ്ധി മോഡലായ ജി.എല്‍.എം-5.2 പുറത്തിറക്കിയതോടെ ആഗോള എഐ രംഗത്ത് മത്സരം മുറുകുന്നു.
കോഡിങ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിങ്, സ്വയംഭരണ എഐ ഏജന്റുകള്‍ എന്നിവയില്‍ ലോകത്തെ മുന്‍നിര എഐ കമ്പനികളായ ഓപ്പണ്‍എഐ, ആന്ത്രോപിക് എന്നിവയോട് കിടപിടിക്കുന്നതാണ് പുതിയ മോഡല്‍. കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഡെവലപ്പര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന 'ഓപ്പണ്‍-വെയ്റ്റ്' രീതിയുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍.
ചൈനയുടെ ഈ കുതിപ്പ് ഇന്ത്യയ്ക്ക് ഭീഷണിയാണോ എന്ന ചോദ്യത്തിന്, ഇതൊരു പരിഭ്രാന്തിക്കുള്ള സമയമല്ലെന്നും മറിച്ച് കൂടുതല്‍ സജ്ജമാകാനുള്ള മുന്നറിയിപ്പാണെന്നുമാണ് വ്യവസായ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
ബെയ്ജിങ്ങിലെ സിങ്ഹുവ സര്‍വകലാശാലയിലെ ഗവേഷകര്‍ 2019-ല്‍ സ്ഥാപിച്ച കമ്പനിയാണ് സെഡ്.എഐ. മനുഷ്യന്റെ ഇടപെടല്‍ കൂടാതെ സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ആസൂത്രണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ജി.എല്‍.എം-5.2 മോഡലിന് സാധിക്കും.
ഒരു മില്യണ്‍ ടോക്കണ്‍ കോണ്‍ടെക്സ്റ്റ് വിന്‍ഡോ ഉള്ളതിനാല്‍ ഭീമമായ കോഡുകളും വലിയ രേഖകളും ഒരേസമയം വിശകലനം ചെയ്യാന്‍ ഇതിനാകും. എന്നാല്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ എടുത്തുമാറ്റി സൈബര്‍ ആക്രമണങ്ങള്‍ക്കായി ഈ ഓപ്പണ്‍ മോഡല്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ചൈനീസ് കമ്പനികളുടെ ഈ മുന്നേറ്റം ഇന്ത്യന്‍ എഐ വ്യവസായ മേഖലയ്ക്ക് ഒരു ഉണര്‍ത്തുപാട്ടാകണമെന്ന് ഇന്‍ഡസ്‌ഫേസ് സ്ഥാപകനും സി.ഇ.ഒയുമായ ആശിഷ് ടണ്ടന്‍ അഭിപ്രായപ്പെട്ടു.
ഏതെങ്കിലും ഒരു സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കാതെ, സ്വന്തമായി വികസിപ്പിക്കുന്ന മോഡലുകള്‍, ആഗോള വാണിജ്യ എഐ, ഓപ്പണ്‍ സോഴ്സ് എന്നിവ സമന്വയിപ്പിച്ചുള്ള സുരക്ഷിതമായ ഒരു എഐ ആവാസവ്യവസ്ഥയാണ് ഇന്ത്യ കെട്ടിപ്പടുക്കേണ്ടത്.
സാമ്പത്തികം, ആരോഗ്യം, നിര്‍മ്മാണം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ എഐ ഉപയോഗിക്കുമ്പോള്‍ ഡാറ്റാ പരമാധികാരവും സൈബര്‍ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്.
ആധുനിക എഐ മോഡലുകള്‍ക്ക് സോഫ്റ്റ്വെയറുകളിലെ സുരക്ഷാ പിഴവുകള്‍ മനുഷ്യരേക്കാള്‍ 100 മടങ്ങ് വേഗത്തില്‍ കണ്ടെത്താനാകുമെന്നതിനാല്‍ സൈബര്‍ ആക്രമണങ്ങളുടെ വ്യാപ്തി കൂടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിസെര്‍വ് സി.ഇ.ഒ ശിവ ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നത്, ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ എഐ പരീക്ഷണങ്ങളില്‍ നിന്ന് മാറി തങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങളിലേക്ക് ഇത് വിജയകരമായി സംയോജിപ്പിക്കുന്നു എന്നാണ്.
ഒരു എഐ മോഡലിന്റെ കരുത്തിനേക്കാള്‍ അത് ഉപയോഗിക്കുന്ന സ്ഥാപനത്തിലെ ഡാറ്റയുടെ ഗുണനിലവാരവും സുരക്ഷാ ചട്ടക്കൂടുമാണ് വിജയത്തെ നിര്‍ണ്ണയിക്കുന്നത്.
അതുകൊണ്ട് തന്നെ ചൈനയുടെ എഐ മുന്നേറ്റത്തെ നേരിടാന്‍ സാങ്കേതിക നവീകരണം, സൈബര്‍ സുരക്ഷാ പ്രതിഭകള്‍, ശക്തമായ നിയമനിര്‍മ്മാണം എന്നിവയ്ക്ക് ഇന്ത്യ മുന്‍ഗണന നല്‍കണമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം.
