Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ആഗോള വിപണിയില്‍ എ.ഐ ടെക് ഓഹരികളുടെ കനത്ത തിരിച്ചു വരവ്: ദക്ഷിണ കൊറിയൻ സൂചിക കോസ്പിയില്‍ 16 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന കൂറ്റൻ കുതിപ്പ്; സാംസങും എസ്‌.കെ ഹൈനിക്സും വൻ നേട്ടത്തില്‍, മൈക്രോസോഫ്റ്റിന്റെ തിളക്കമാര്‍ന്ന ലാഭക്കണക്കുകള്‍ക്ക് പിന്നാലെ ഏഷ്യൻ ഓഹരി വിപണികളില്‍ ആവേശത്തിരയിളക്കം, ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ക്കിടെ ക്രൂഡ് ഓയില്‍ വിലയും ഉയരുന്നു

Sathyam Online 1 week ago

ബാങ്കോക്ക്: ആഗോള വിപണിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ടെക് ഓഹരികള്‍ വന്‍ തിരിച്ചു വരവ് നടത്തിയതോടെ ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പിയില്‍ വെള്ളിയാഴ്ച 16 ശതമാനത്തിലധികം കൂറ്റന്‍ മുന്നേറ്റം.


മുന്‍ ദിവസങ്ങളിലെ കനത്ത ഇടിവിന് ശേഷമാണ് ചിപ്പ് നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനികളുടെ കരുത്തില്‍ വിപണി അമ്പരപ്പിക്കുന്ന തിരിച്ചുവരവ് നടത്തിയത്.


വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 16.5% ഉയര്‍ന്ന് 6,515.40 എന്ന നിലയിലെത്തിയ കോസ്പിയില്‍ സാംസങ് ഇലക്‌ട്രോണിക്‌സിന്റെ ഓഹരികള്‍ 24.8 ശതമാനവും എസ്.കെ ഹൈനിക്‌സ് ഓഹരികള്‍ 27.8 ശതമാനവും കുതിച്ചുയര്‍ന്നു.

മൈക്രോസോഫ്റ്റ് പ്രതീക്ഷിച്ചതിലും മികച്ച ലാഭം കൊയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് വിപണിക്ക് പെട്ടെന്നുള്ള ഉണര്‍വേകിയത്. ഇതോടെ എ.ഐ മേഖലയിലെ ഭീമന്‍ നിക്ഷേപങ്ങള്‍ ലാഭമായി മാറുന്നുണ്ടെന്ന വിശ്വാസത്തില്‍ നിക്ഷേപകര്‍ ടെക് ഓഹരികള്‍ വന്‍തോതില്‍ വാങ്ങി കൂട്ടുകയായിരുന്നു.


ഇതിന്റെ പ്രതിഫലനമായി ടോക്കിയോയുടെ നിക്കി സൂചിക 5.5 ശതമാനവും തായ്വാന്റെ തായ്ക്‌സ് 7 ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി.


അതേസമയം, യു.എസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 87.14 ഡോളറായി ഉയര്‍ന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online