
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്കില്ലെന്ന ബിജെപി എംഎല്‍എ വി.മുരളീധരന്റെ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ കടുത്ത ഭാഷയില്‍ മറുപടി നല്‍കി മുൻ മന്ത്രിയും എംഎല്‍എയുമായ പി.എ.
മുഹമ്മദ് റിയാസ്.
ആൻഡമാൻ ജയിലില്‍ നിന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നല്‍കിയ ചരിത്രമുള്ളവരാണ് കമ്യൂണിസ്റ്റുകാരുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം സഭയില്‍ തുറന്നടിച്ചു.
സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങളുടെ അഭാവവും, വന്ദേമാതരം ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി യുഡിഎഫ് സർക്കാരിനെതിരെയും അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചു.
1913 നവംബർ 14ന് ആൻഡമാൻ ജയിലില്‍ വെച്ച് ഒരു നേതാവ് കണ്ണീരുകൊണ്ട് ബ്രിട്ടീഷുകാർക്ക് എഴുതിയ കത്തിന്റെ കാര്യം റിയാസ് സഭയില്‍ ഓർമിപ്പിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്നും മാറിനിന്ന് ബ്രിട്ടീഷുകാരോട് പൂർണമായി സഹകരിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് എഴുതിയ കത്താണത്.
അതേ ആൻഡമാൻ ജയിലില്‍ ഭീകരമായ മർദ്ദനങ്ങള്‍ ഏറ്റുവാങ്ങുകയും കൊടിയ പീഡനങ്ങള്‍ അനുഭവിക്കുകയും ചെയ്തവരാണ് കമ്യൂണിസ്റ്റുകാർ.
ആൻഡമാൻ സെല്ലുലാർ ജയിലിലെ ശിലകളില്‍ കൊത്തിവെച്ചിട്ടുള്ള രക്തസാക്ഷികളുടെ പേരുകളില്‍ മഹാഭൂരിപക്ഷവും കമ്യൂണിസ്റ്റുകാരുടേതാണെന്നും, തങ്ങളുടെ പ്രസ്ഥാനത്തിന്റെ പങ്കെന്താണെന്ന് നാടിന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് സർക്കാരിനുള്ള ജനവിധിയെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കിയ റിയാസ്, പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസകള്‍ നേർന്നു. എന്നാല്‍, കേരളത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന കടുത്ത അവഗണനയെക്കുറിച്ച് പരാമർശിക്കാൻ പോലും തയ്യാറാകാത്ത നയപ്രഖ്യാപന പ്രസംഗത്തെ ശക്തമായി എതിർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ എല്‍ഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കില്‍ പരിപൂർണ സഹകരണം ഉണ്ടാകും.
യുഡിഎഫ് പ്രതിപക്ഷമായിരുന്ന സമയത്തെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും എല്‍ഡിഎഫിന്റെ സമീപനം. ഇതിന്റെ ഭാഗമായാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇടതുപക്ഷ നേതാക്കള്‍ പങ്കെടുത്തതെന്നും, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ആഭ്യന്തര പ്രശ്നങ്ങളില്‍ എല്‍ഡിഎഫ് കക്ഷി ചേരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
