
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിക്ക് ഗുരുതരമായ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടും, അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാര്‍ട്ടി മേധാവി മമത ബാനര്‍ജി സ്വകാര്യ ആശുപത്രിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായി ബി.ജെ.പി ആരോപിച്ചു.
ഡയമണ്ട് ഹാര്‍ബര്‍ എം.പി കൂടിയായ അഭിഷേക് ബാനര്‍ജിയെ അഡ്മിറ്റ് ചെയ്യാന്‍ വിമുഖത കാണിച്ച ആശുപത്രി അധികൃതരോട് മമത ബാനര്‍ജി ദേഷ്യപ്പെടുന്ന രീതിയിലുള്ള ഒരു ഓഡിയോ ക്ലിപ്പ് പശ്ചിമ ബംഗാള്‍ ബി.ജെ.പി വക്താവ് ദേബ്ജിത് സര്‍ക്കാര്‍ എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോയുടെയോ അതിലെ അവകാശവാദങ്ങളുടെയോ സത്യാവസ്ഥ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് സാധിച്ചിട്ടില്ല.
മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ പരിക്കുകളൊന്നും ഇല്ലാതിരുന്നിട്ടും, ബെല്ലെ വ്യൂ ആശുപത്രി സി.ഇ.ഒ പ്രദീപ് ടാണ്ടനെ മമത ബാനര്‍ജി ഭീഷണിപ്പെടുത്തുകയും അഭിഷേകിനെ അഡ്മിറ്റ് ചെയ്യാന്‍ അധികൃതരെ നിര്‍ബന്ധിക്കുകയും ചെയ്തതായാണ് ദേബ്ജിത് സര്‍ക്കാര്‍ ആരോപിക്കുന്നത്.
'രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മെഡിക്കല്‍ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള ആശങ്കാജനകമായ ശ്രമമാണിത്. ആശുപത്രികള്‍ നിലനില്‍ക്കുന്നത് രോഗികളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണ്, അല്ലാതെ രാഷ്ട്രീയ സൗകര്യങ്ങള്‍ക്കല്ലെന്ന് ബി.ജെ.പി വക്താവ് ദേബ്ജിത് സര്‍ക്കാര്‍ പറയുന്നു.
ഡോക്ടര്‍മാരെയോ ഭരണാധികാരികളെയോ ആരോഗ്യ സ്ഥാപനങ്ങളെയോ ഭീഷണിപ്പെടുത്താനുള്ള ഏതൊരു ശ്രമവും പൊതുജനവിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ആരോപണങ്ങളോട് തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശനിയാഴ്ച സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ സോനാര്‍പൂരില്‍ തിരഞ്ഞെടുപ്പാനന്തര അക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കാനെത്തിയ അഭിഷേക് ബാനര്‍ജിക്ക് നേരെ ഒരു വിഭാഗം ആളുകള്‍ കല്ലും കോഴിമുട്ടയും എറിഞ്ഞ് അക്രമം നടത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് ഹെല്‍മറ്റ് ധരിപ്പിച്ചാണ് അദ്ദേഹത്തെ അവിടെനിന്നും രക്ഷപെടുത്തിയത്.
ഇതിനുശേഷം കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. വരാനിരിക്കുന്ന ചോദ്യം ചെയ്യലുകളില്‍ നിന്നും നോട്ടീസുകളില്‍ നിന്നും ഒഴിഞ്ഞുമാറാനും അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനുമാണ് ഈ ആശുപത്രി നാടകമെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
