
കൊല്‍ക്കത്ത: മുതിർന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി അഭിഷേകിന്റെ കാളിഘട്ടിലെ വീട്ടിലെത്തിയത്. 2016ല്‍ 25,000ത്തോളം അധ്യാപകരെ കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി നിയമിച്ചുവെന്നും ഇതില്‍ അഭിഷേക് ബാനർജിയുടെ പങ്കിനെക്കുറിച്ചാണ് അന്വേഷണം.
അധ്യാപക നിയമന അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കാനാണ് ഇ.ഡി അഭിഷേകിന്റെ വീട്ടിലെത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ജൂണ്‍ 15ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് മുമ്പില്‍ ഹാജരാകാൻ നോട്ടീസ് നല്‍കിയതായാണ് വിവരം. ഇ.ഡി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അഭിഷേക് ബാനർജി വീട്ടില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍, അഭിഷേക് ബാനർജിക്കെതിരായ ഇ.ഡി നടപടി അംഗീകരിക്കില്ലെന്നും വീട്ടില്‍ പരിശോധന നടത്താൻ സമ്മതിക്കില്ലെന്നും അഭിഷേക് ബാനർജിയുടെ അനുയായികള്‍ അറിയിച്ചു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ അഭിഷേക് ബാനർജിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. അഭിഷേക് ബാനർജിക്കെതിരെ പാർട്ടിക്കുള്ളില്‍ ആഭ്യന്തര കലാപം ഉയർത്തിയ നേതാക്കള്‍ തൃണമൂലിനെ പിളർത്തുകയും ചെയ്തു. നിലവില്‍ 60 എം.എല്‍.എമാരുടെ പിന്തുണ നേടിയ ഋതബ്രത ബാനർജിയെ നിയമസഭ പ്രതിപക്ഷ നേതാവായും സ്പീക്കർ അംഗീകരിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ തൃണമൂലില്‍നിന്ന് പുറത്താക്കപ്പെട്ട നിയമസഭാംഗങ്ങളാണ് ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും. പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ പിന്തുണക്കുന്ന കത്തില്‍ വ്യാജ ഒപ്പുകള്‍ ഉണ്ടായിരുന്നുവെന്നായിരുന്നു സന്ദീപൻ സാഹയുടെയും ഋതബ്രത ബാനർജിയുടെയും അവകാശവാദം. പരാതിയെത്തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് ജൂണ്‍ ഒന്നിന് ഇരുവരെയും പാർട്ടി പുറത്താക്കി.
