
വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ജോലി അനുമതി ലഭിക്കുന്നതിനായി 1,00,000 യു.എസ് ഡോളര്‍ (ഏകദേശം 83 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ചുമത്താനുള്ള ഭരണകൂടത്തിന്റെ നീക്കം അടുത്തിടെ യു.എസ് കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
എഫ്-1 വിസയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനമേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍ ഒന്നുമുതല്‍ മൂന്ന് വര്‍ഷം വരെ തുടരാന്‍ അനുമതി നല്‍കുന്ന 'ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ്' വിസകള്‍ക്കാണ് വിദേശകാര്യ മന്ത്രാലയവും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും ഈ ഭീമമായ തുക ചുമത്താന്‍ ഒരുങ്ങുന്നത്.
നിയമപരമായ പ്രഖ്യാപനം ഉണ്ടാകുന്നതുവരെ യാതൊരു നയങ്ങളും അന്തിമമായി കണക്കാക്കാനാവില്ലെന്നും യു.എസിന്റെ കുടിയേറ്റ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വക്താവ് വ്യക്തമാക്കി.
ഇതിനുപുറമെ, രാജ്യത്തിന് പുറത്തുനിന്ന് ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവരില്‍ നിന്ന് ഒരു ലക്ഷം ഡോളറിന്റെ ബോണ്ട് ഈടാക്കാനും, ഇവര്‍ യു.എസ് പൗരത്വം നേടുമ്പോള്‍ മാത്രം ഈ തുക തിരികെ നല്‍കാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുന്നുണ്ട്.
അമേരിക്കന്‍ സര്‍വകലാശാലകളെ തിരഞ്ഞെടുക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഒ.പി.ടി പ്രോഗ്രാം. പുതിയ തീരുമാനം നടപ്പിലായാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശ ഉദ്യോഗാര്‍ത്ഥികളെ ഇത് സാരമായി ബാധിക്കും.
