വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയിലേക്ക് കടന്നിരിക്കുന്നു. ഇതുവരെ 5 ലക്ഷ ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയായി. 30 പേരാണ് അഗ്നിബാധയേറ്റ് മരിച്ചത്. മരണനിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യത. കാരണം നിരവധിയാളുകളെ കാണാതായിട്ടുണ്ട്.
ലോസ് ഏഞ്ചല്‍സ് നഗരത്തില്‍നിന്നും കേവലം 70 കിലോമീറ്റര്‍ ദൂരെവരെ കാട്ടുതീ എത്തിയിരിക്കുന്നു.
ആളുകളുടെ പലായനം തുടരുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 500 - 700 കിലോമീറ്റര്‍ ദൂരെവരെയാണ് തീ പടര്‍ന്നിരുന്നത്.

അമേരിക്കയിലെ കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്‌ടണ്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലായി 100 സ്ഥലത്താണ് അഗ്നിവ്യാപനം ഉണ്ടായിരിക്കുന്നത്. അന്തരീക്ഷമാകെ പുകയും പൊടിപടലവും കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഇതിനിടെ ഒറിഗോണില്‍ നിന്നും പലായനം ചെയ്തവരുടെ വീടുകളില്‍ മോഷണവും കൊള്ളയും വ്യാപകമായി നടക്കുന്നുണ്ട്. ജാക്സണ്‍,ലേന്‍, മരിയന്‍ കൗണ്ടിയിലെ 40000 ആളുകളോട് വീടുകളില്‍ നിന്നൊഴിഞ്ഞുപോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.

പതിനാലായിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ തീ കെടുത്താനുള്ള ഭഗീരഥ പ്രയത്നത്തിലാണ്. ഹെലികൊപ്റ്ററുകള്‍ക്ക് അന്തരീക്ഷത്തിലെ പുകപടലങ്ങള്‍ മൂലം പറക്കനാകുന്നില്ല. 60 ഹെലികോപ്റ്ററുകള്‍ അഗ്‌നിബാധിത മേഖലകളില്‍ വെള്ളം തളിക്കാനായി സാജ്‌ജമായി നില്‍ക്കുന്നുണ്ട്.

