Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അമേരിക്കയുടെ ആദ്യ 'സ്പേസ് അക്കാദമി' സ്ഥാപിക്കാൻ ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു

Sathyam Online 3 weeks ago

ഹ്യൂസ്റ്റണ്‍: രാജ്യത്തെ ആദ്യ യുഎസ് സ്പേസ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.

നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്റർ ആസ്ഥാനമാക്കി അക്കാദമി സ്ഥാപിക്കാനാണ് തീരുമാനം.

അമേരിക്കയുടെ ബഹിരാകാശ മേഖലയിലെ തൊഴില്‍ശേഷി ശക്തിപ്പെടുത്തുകയും അടുത്ത തലമുറയിലെ ബഹിരാകാശ നേതാക്കളെ വളർത്തിയെടുക്കുകയുമാണ് അക്കാദമിയുടെ ലക്ഷ്യം. സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം നേതൃപാടവം, അച്ചടക്കം, പൊതുസേവന പ്രതിബദ്ധത എന്നിവയ്ക്കും പരിശീലനത്തില്‍ പ്രാധാന്യം നല്‍കും. ദേശീയ സുരക്ഷ, സാമ്പത്തിക വളർച്ച, ശാസ്ത്രീയ കണ്ടെത്തലുകള്‍, സാങ്കേതിക നവീകരണം എന്നിവയില്‍ ബഹിരാകാശത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യവും ഉത്തരവ് ചൂണ്ടിക്കാടുന്നു.

സ്പേസ് ഫോഴ്സിന്റെയും വാണിജ്യ ബഹിരാകാശ വ്യവസായത്തിൻ്റെയും അതിവേഗ വളർച്ചയും ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങളും കണക്കിലെടുത്ത് പരിശീലനം ലഭിച്ച സൈനികർ, എൻജിനീയർമാർ, സിവില്‍ മേഖലയിലെ വിദഗ്ധർ എന്നിവരുടെ വലിയൊരു തലമുറയെ വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്മാനെ പുതിയ യുഎസ് സ്പേസ് അക്കാദമി സംബന്ധിച്ച പ്രസിഡൻഷ്യല്‍ കമ്മിഷന്റെ അധ്യക്ഷനായും നാസ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മാറ്റ് ആൻഡേഴ്സണെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. അക്കാദമിയുടെ ഭരണസംവിധാനം, ബിരുദധാരികളുടെ സേവന ബാധ്യത, സ്ഥലം, ആവശ്യമായ നിയമനടപടികള്‍ തുടങ്ങിയവ സംബന്ധിച്ച ശുപാർശകള്‍ ഉള്‍പ്പെടുന്ന റിപ്പോർട്ട് 120 ദിവസത്തിനകം കമ്മിഷൻ പ്രസിഡന്റിന് സമർപ്പിക്കണം.

ആർട്ടെമിസ് ദൗത്യങ്ങളിലൂടെ ചന്ദ്രനിലേക്ക് മനുഷ്യരെ തിരിച്ചെത്തിക്കല്‍, ചന്ദ്രനില്‍ ബേസ് സ്ഥാപിക്കല്‍, ബഹിരാകാശത്തെ വാണിജ്യ പ്രവർത്തനങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയ ഭാവി പദ്ധതികള്‍ക്ക് ആവശ്യമായ എൻജിനീയർമാർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ, ബഹിരാകാശ സഞ്ചാരികള്‍ എന്നിവരെ പരിശീലിപ്പിക്കുന്നതില്‍ അക്കാദമി നിർണായക പങ്കുവഹിക്കുമെന്ന് ഐസക്മ‌ാൻ പറഞ്ഞു.

വെസ്റ്റ് പോയിന്റ്റ്, യുഎസ് നേവല്‍ അക്കാദമി, കോസ്റ്റ് ഗാർഡ് അക്കാദമി, എയർഫോഴ്സ് അക്കാദമി എന്നിവയുടെ നിലവാരത്തിലുള്ള സ്ഥാപനമാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ഉത്തരവിന്റെ ഭാഗമായാണ് ഹ്യൂസ്റ്റണില്‍ നടന്ന ചടങ്ങില്‍ ട്രംപ് ഒപ്പുവച്ചത്. അതേ ചടങ്ങില്‍ ആർട്ടെമിസ് II ദൗത്യത്തിലെ അംഗങ്ങള്‍ക്ക് കോണ്‍ഗ്രഷണല്‍ സ്പേസ് മെഡല്‍ ഓഫ് ഓണറും അദ്ദേഹം സമ്മാനിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online