
വാഷിംഗ്ടണ്‍: ഇസ്ലാമാബാദില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ചര്‍ച്ചകള്‍ക്കായി ഇറാന്‍ തിരിച്ചുവന്നാലും ഇല്ലെങ്കിലും തനിക്ക് ഒരു ആശങ്കയുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഫ്‌ലോറിഡയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവര്‍ ചര്‍ച്ചയ്ക്ക് വന്നാലും ഇല്ലെങ്കിലും എനിക്ക് പ്രശ്‌നമില്ല. അവര്‍ വരുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനാണ്,' ട്രംപ് പറഞ്ഞു.
ചര്‍ച്ചകളുടെ സാഹചര്യം എന്ത് തന്നെയായാലും അന്തിമ വിജയം അമേരിക്കയ്‌ക്കൊപ്പമായിരിക്കുമെന്ന ഉറച്ച നിലപാടിലാണ് അദ്ദേഹം. ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും ട്രംപിന്റെ വാക്കുകളിലുണ്ട്.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസമാണ് ഫലമില്ലാതെ അവസാനിച്ചത്. ഇതേത്തുടര്‍ന്ന് ഹോര്‍മുസില്‍ നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ നിലപാടുകളെ ഒട്ടും കാര്യമാക്കുന്നില്ലെന്ന തരത്തിലുള്ള ട്രംപിന്റെ പുതിയ പ്രസ്താവന പുറത്തുവരുന്നത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ ഉണ്ടാവില്ലെന്നും ഇറാന് മേലുള്ള സാമ്ബത്തിക-സൈനിക സമ്മര്‍ദ്ദം തുടരുമെന്നുമാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന. ട്രംപിന്റെ ഈ നിലപാട് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയേക്കും.
