
ഡബ്ലിന്‍: അയര്‍ലണ്ടിലെ സാധാരണ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന തരത്തില്‍ അടുത്ത ബജറ്റില്‍ വരുമാന നികുതിയില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യത.
40 ശതമാനം ഉയര്‍ന്ന നികുതി നിരക്ക് ബാധകമാകുന്ന വരുമാനപരിധി ഉയര്‍ത്തുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ധനമന്ത്രി സൈമണ്‍ ഹാരിസ് തന്നെയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്.
ഇപ്പോള്‍ ഒരാളുടെ വരുമാനം നിശ്ചിത പരിധി (44,000 യൂറോ ) കടന്നാല്‍ 40 ശതമാനം ഉയര്‍ന്ന നികുതി നിരക്ക് ബാധകമാകും. ഈ പരിധി ഇപ്പോഴും താഴെയാണെന്നും സാധാരണ ശമ്പളക്കാര്‍ പോലും വേഗത്തില്‍ ഉയര്‍ന്ന നികുതി നിരക്കിലേക്ക് എത്തിപ്പെടുന്ന സാഹചര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉദാഹരണത്തിന്, ഒരാളുടെ വാര്‍ഷിക വരുമാനം 44,000 യൂറോയെ കടന്നാല്‍ അതിന് മുകളിലുള്ള വരുമാനഭാഗത്തിന് 40 ശതമാനം നികുതി ബാധകമാകും. സര്‍ക്കാര്‍ ഈ പരിധി ഉയര്‍ത്തിയാല്‍, അതേ ശമ്പളം ലഭിക്കുന്ന ഒരാളുടെ കൂടുതല്‍ വരുമാനം 20 ശതമാനം നിരക്കില്‍ തന്നെ തുടരാം. അതായത്, ശമ്പളം കൂടിയാലും കൈയില്‍ ബാക്കി നില്‍ക്കുന്ന തുക കുറച്ച് കൂടാന്‍ സാധ്യതയുണ്ട്.
2015ല്‍ ഉയര്‍ന്ന നികുതി നിരക്ക് ബാധകമാകുന്ന വരുമാനപരിധി ഏകദേശം 33,000 യൂറോയായിരുന്നു. ഇപ്പോള്‍ അത് 44,000 യൂറോയാണ്. എന്നാല്‍ ജീവിതച്ചെലവും ശമ്പളവര്‍ധനയും കണക്കിലെടുത്താല്‍ ഈ പരിധിയില്‍ ഇനിയും മാറ്റം വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്കും പ്രമോഷന്‍ ലഭിക്കുന്നവര്‍ക്കും ശമ്പളം ഉയരുന്നവര്‍ക്കും അവര്‍ അധികമായി സമ്പാദിക്കുന്ന പണത്തില്‍ കൂടുതല്‍ ഭാഗം കൈവശം വെക്കാന്‍ കഴിയണം. അതിനായാണ് വ്യക്തിഗത വരുമാന നികുതി പാക്കേജ് ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഈ വര്‍ഷത്തെ ബജറ്റില്‍ നികുതി പാക്കേജ് ഉണ്ടായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിന്റെ വലുപ്പവും വിശദാംശങ്ങളും വരും ആഴ്ചകളില്‍ തീരുമാനിക്കും. ഈ മാസം പ്രസിദ്ധീകരിക്കുന്ന സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റിലൂടെയാകും പാക്കേജിന്റെ സാമ്പത്തിക പരിധി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരിക.
വരുമാന നികുതിക്ക് പുറമേ പാരമ്പര്യ നികുതി സംബന്ധിച്ചും സര്‍ക്കാര്‍ ആലോചനയിലാണ്. നിലവിലെ ചില പരിധികള്‍ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന ആശങ്കകള്‍ സര്‍ക്കാര്‍ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഫിയാന ഫാള്‍, ഫിന ഗേല്‍ പാര്‍ട്ടി നേതാക്കളും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ചൈല്‍ഡ്കെയര്‍ സഹായം, സമ്പാദ്യ-നിക്ഷേപ പദ്ധതി, കുടുംബങ്ങളെ ഫോസില്‍ ഇന്ധന ഉപയോഗത്തില്‍ നിന്ന് മാറ്റാന്‍ സഹായിക്കുന്ന പദ്ധതികള്‍ തുടങ്ങിയവയും ബജറ്റിലെ പ്രധാന പരിഗണനകളില്‍ ഉള്‍പ്പെടും.
ശമ്പളവുമായി ബന്ധപ്പെട്ട പ്രസവാനുകൂല്യം ഭാവിയില്‍ പരിഗണിക്കാമെന്നും മന്ത്രി സൂചന നല്‍കി. പി ആര്‍ എസ് ഐ വഴി ആളുകള്‍ സിസ്റ്റത്തിലേക്ക് സംഭാവന നല്‍കുന്നുവെങ്കില്‍, ജീവിതത്തിലെ പ്രധാന ഘട്ടങ്ങളില്‍ അതിന് അനുസരിച്ചുള്ള തിരിച്ചുപകരം ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
മിസ് കാരിയേജ് സാഹചര്യങ്ങളില്‍ ശമ്പളത്തോടുകൂടിയ അവധി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും സര്‍ക്കാര്‍ അനുകൂലമായി കാണുന്നു. കുടുംബങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും കൂടുതല്‍ പിന്തുണ നല്‍കുന്ന നയങ്ങള്‍ തുടരുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.
ഒക്ടോബറിലെ ബജറ്റ് സാധാരണ നികുതിദായകര്‍ക്ക് എത്രത്തോളം ആശ്വാസമാകും എന്നതാണ് ഇനി കാണേണ്ടത്. എന്നാല്‍ 40 ശതമാനം നികുതി ബാധകമാകുന്ന വരുമാനപരിധി ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുന്നുവെന്നത് തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്.
