Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

അയര്‍ലണ്ടില്‍ സ്ഥലം വാങ്ങി വീട് പണിയാം,ഗ്രാമമേഖലയില്‍ പുതിയ നയവുമായി സര്‍ക്കാര്‍

Sathyam Online 2 weeks ago

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവനമേഖലയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വീടുകള്‍ പണിയാനാവുന്ന വിശാലനയങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഐറിഷ് സര്‍ക്കാര്‍.

അയര്‍ലണ്ടിലെ ഗ്രാമീണ ഹൗസിംഗ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് പുതിയ നയങ്ങളിലൂടെ വഴിയൊരുങ്ങുകയാണ് . സ്വന്തം ഭൂമിയില്‍ വീട് പണിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിലവിലുള്ള കര്‍ശന ആസൂത്രണ ചട്ടങ്ങളില്‍ സര്‍ക്കാര്‍ വന്‍ ഇളവ് കൊണ്ടുവരാന്‍ ഒരുങ്ങുകയാണ്. ഒറ്റത്തവണ വീടുകള്‍ (വണ്‍-ഓഫ്‌ ഹൗസസ്) നിര്‍മ്മിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കുകയും ഫാം ഹോള്‍ഡിംഗുകളിലെ വീടുകളുടെ എണ്ണപരിധി ഒഴിവാക്കുകയും ചെയ്യുന്ന പുതിയ ദേശീയ ആസൂത്രണ നയത്തിന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കുകയാണ്.ഒരേ ഉടമസ്ഥതയിലുള്ള കൃഷി ഭൂമികളിലും, ഗ്രാമീണ മേഖലയിലെ സ്വന്തം പ്ലോട്ടുകളിലും ഒന്നില്‍ കൂടുതല്‍ വീടുകള്‍ പണിയാനുള്ള നയമാറ്റം അയര്‍ലണ്ടിലെ ഭവനമേഖലയില്‍ കാര്യമായ ചലനമുണ്ടാക്കും.

ഭരണ കക്ഷിയായ ഫിനഗേല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരീസ് നല്‍കിയ സൂചനകള്‍ പ്രകാരം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭവന-ആസൂത്രണ നയമാറ്റമായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ ഫിന ഫാള്‍ പാര്‍ട്ടിയും 'സ്വന്തം ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം' നല്‍കുന്ന നയപരമായ മാറ്റങ്ങള്‍ പരിഗണിക്കുന്നതായി വ്യക്തമാക്കിയിരുന്നു.

നിലവിലെ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വീട് പണിയാന്‍ 'പ്രാദേശിക ബന്ധം (ലോക്കല്‍ റിലേഷന്‍) ', 'കാര്‍ഷിക ആവശ്യകത (കൃഷി ഉപജീവനമാര്‍ഗമാക്കുന്നവരാവണമെന്ന നിബന്ധന), 'ഗ്രാമീണ ജീവിതവുമായി സാമൂഹിക-സാമ്പത്തിക തലത്തിലുള്ള മുന്‍ ബന്ധം' തുടങ്ങിയ നിബന്ധനകള്‍ പാലിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.

എന്നാല്‍ പുതിയ നയം നിലവില്‍ വന്നാല്‍, ഗ്രാമപ്രദേശങ്ങളില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ആസൂത്രണ അനുമതി ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍.

ഫാം ഭൂമിയിലെ വീടുകള്‍ക്ക് ഇനി പരിധിയില്ല

സര്‍ക്കാരിന്റെ പുതിയ നാഷണല്‍ പ്ലാനിംഗ് സ്റ്റേറ്റ്മെന്റില്‍ 'റിബണ്‍ ഡെവലപ്മെന്റ്', 'ബാക്ക്ലാന്‍ഡ് ഡെവലപ്മെന്റ്' എന്നീ പേരില്‍ വര്‍ഷങ്ങളായി നിലനിന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാണ് നീക്കം. ഫാം ഹോള്‍ഡിംഗുകളില്‍ എത്ര വീടുകള്‍ നിര്‍മ്മിക്കാമെന്ന പരിധിയും ഒഴിവാക്കാനാണ് നിര്‍ദ്ദേശം.

'ഗ്രാമീണ കുടുംബങ്ങള്‍ ഏറെകാലമായി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് നിലവിലെ നിയന്ത്രണങ്ങള്‍,' എന്നാണ് സൈമണ്‍ ഹാരിസ് പാര്‍ട്ടി അംഗങ്ങളോട് വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

യുവാക്കള്‍ക്ക് പ്രതീക്ഷ, വിദഗ്ധര്‍ക്ക് ആശങ്ക

ഗ്രാമപ്രദേശങ്ങളില്‍ ജനിച്ച്‌ വളര്‍ന്ന യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ വീട് പണിയാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ പുതിയ നയം സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയൊഴിപ്പും ഇതിലൂടെ കുറയുമെന്നാണ് ഭരണകക്ഷികളുടെ പ്രതീക്ഷ.

ഗ്രാമമേഖലയില്‍ ജോലി ലഭിച്ചിരിക്കുന്ന വിദേശ ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് സ്ഥലം വാങ്ങി വീട് പണിയാനുള്ള സുവര്‍ണാവസരമാണ് പുതിയ നയത്തിലൂടെ ലഭിക്കുക.നഗരങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ ഗ്രാമമേഖലയിലേയ്ക്ക് സ്ഥലം വാങ്ങിയെത്തുന്നതോടെ പ്രാദേശിക തലത്തിലുള്ള വികസനവും സര്‍ക്കാര്‍ സ്വപ്നം കാണുന്നു.

എന്നാല്‍ നയമാറ്റത്തിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പും ഉയര്‍ത്തുന്നുണ്ട്. കോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്, നിയന്ത്രണമില്ലാത്ത വിധം വീടുകള്‍ ഉയര്‍ന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ 'രണ്ടുതട്ടിലുള്ള ഹൗസിംഗ് സംവിധാനം' കൂടുതല്‍ ശക്തമാക്കാനിടയാക്കുമെന്നാണ്. റോഡുകള്‍, ജലവിതരണം, ഗതാഗതം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ ചെലവ് വര്‍ധിക്കുമെന്നും അതിന്റെ ഭാരം പൊതുജനങ്ങള്‍ക്ക് മേല്‍ പതിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കോര്‍ക്കില്‍ വന്‍ വളര്‍ച്ചയ്ക്ക് സാധ്യത

2021 മുതല്‍ 2025 വരെ മാത്രം കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ 3,000-ത്തിലധികം ഒറ്റത്തവണ വീടുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പുതിയ നയം നിലവില്‍ വന്നാല്‍ കോര്‍ക്ക് ഉള്‍പ്പെടെയുള്ള കൗണ്ടികളില്‍ ഗ്രാമീണ വീടുകളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ.

അടുത്ത മാസം കാബിനറ്റില്‍

ഭവനമന്ത്രി ജെയിംസ് ബ്രൗണും സഹമന്ത്രി ജോണ്‍ കമ്മിന്‍സും ചേര്‍ന്ന് പുതിയ നാഷണല്‍ പ്ലാനിംഗ് ഫ്രെയിംവര്‍ക്കിന് അന്തിമരൂപം നല്‍കിവരികയാണ്. നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം ആദ്യം കാബിനറ്റിന്റെ പരിഗണനയ്ക്ക് എത്തും.

അതേസമയം, രാജ്യത്തെ ജല-മലിനജല അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഐറിഷ് വാട്ടര്‍ കാപ്പിറ്റല്‍ പദ്ധതി കൂടി മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമം. ഗ്രാമീണ ഹൗസിംഗ് വികസനത്തെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിനും ഇതോടെ വേഗം കൂടുമെന്നാണ് പ്രതീക്ഷ.

വിവാദങ്ങള്‍ക്ക് വഴിയൊരുങ്ങുമോ?

ഗ്രാമപ്രദേശങ്ങളിലെ ജീവിതച്ചെലവും ഭവനപ്രശ്‌നങ്ങളും ശക്തമായ രാഷ്ട്രീയ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകരും നഗര-ഗ്രാമ ആസൂത്രണ വിദഗ്ധരും ഇതിനെതിരെ ശക്തമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. നിയന്ത്രണമില്ലാത്ത ഗ്രാമവികസനം ഗതാഗത-പരിസ്ഥിതി പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്ന വാദവും ഇവര്‍ ഉയര്‍ത്തുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.

എങ്കിലും അയര്‍ലണ്ടിലെ ഭവന ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഗ്രാമമേഖലയില്‍ നയമാറ്റം വരുത്തുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online