Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ബലൂചിസ്താനില്‍ വൻ ഭീകരാക്രമണ ശ്രമം തകര്‍ത്ത് പാകിസ്താൻ സുരക്ഷാ സേന: പ്രമുഖ സ്വര്‍ണ്ണ-ചെമ്പ് ഖനന കേന്ദ്രത്തില്‍ നിന്ന് മടങ്ങിയ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത 12 ഭീകരരെ വധിച്ചു; രണ്ടു മണിക്കൂര്‍ നീണ്ട രൂക്ഷമായ ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, ആയുധശേഖരം പിടിച്ചെടുത്തു

Sathyam Online 6 days ago

കറാച്ചി: പാകിസ്താനിലെ അശാന്തമായ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ചെമ്പ്-സ്വര്‍ണ്ണ ഖനന കേന്ദ്രത്തില്‍ നിന്ന് മടങ്ങുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം.


തിരിച്ചടിച്ച സുരക്ഷാ സേന 12 ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച ചാഗായിലെ റെക്കോ ഡിക് ഖനന കേന്ദ്രത്തില്‍ തൊഴിലാളികളെ ഇറക്കിയ ശേഷം ക്വറ്റയിലേക്ക് മടങ്ങുകയായിരുന്ന മുപ്പതോളം വാഹനങ്ങള്‍ അടങ്ങിയ വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.


തീവ്രവാദികള്‍ വാഹനവ്യൂഹത്തിന് നേരെ രൂക്ഷമായ വെടിവെപ്പ് നടത്തുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ രണ്ട് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് വലിയ അളവില്‍ ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ബലൂചിസ്താന്‍ മുഖ്യമന്ത്രി മിര്‍ സര്‍ഫ്രാസ് ബുഗ്തി 12 ഭീകരര്‍ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിക്കുകയും ഭീകരര്‍ക്കെതിരെ കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ തുടരുമെന്ന് വ്യക്തമാക്കി.


കാനഡ ആസ്ഥാനമായ ബാരിക്ക് മൈനിംഗ് കമ്പനിയും പാകിസ്താന്‍ സര്‍ക്കാരും സംയുക്തമായി നടത്തുന്ന റെക്കോ ഡിക് പദ്ധതി പാകിസ്താന്റെ ഏറ്റവും വലിയ ഖനന പദ്ധതികളിലൊന്നാണ്.


പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ ബലൂചിസ്താനില്‍ സ്വയംഭരണവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പോരാടുന്ന ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകള്‍ മുന്‍പും ഇത്തരം വിദേശ നിക്ഷേപ പദ്ധതികള്‍ക്കും സുരക്ഷാ സേനയ്ക്കും നേരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online