
ബംഗളൂരു: ബംഗളൂരുവില്‍ നാലു മാസം പ്രായമുള്ള ഇരട്ട പെണ്‍കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചും വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു.
വജ്രഹള്ളി സ്വദേശിയായ ഉമാ ദേവി (40) എന്ന സ്ത്രീക്കെതിരെയാണ് തലഘട്ടപ്പുര പോലീസ് കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. 2002-ല്‍ വിവാഹിതരായ ഉമയ്ക്കും ഭര്‍ത്താവ് രാമലിംഗപ്പയ്ക്കും ഐ.വി.എഫ് ചികിത്സയിലൂടെ 2026 മേയ് 5-നാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്.
പ്രസവത്തിനു ശേഷം മാസങ്ങള്‍ക്കുള്ളില്‍ ഉമ മാനസികാസ്വസ്ഥതകള്‍ കാണിക്കുകയും കുട്ടികളെ ആശ്രമത്തിലാക്കണമെന്ന് പറയുകയും ചെയ്തിരുന്നതായി ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രസവാനന്തര വിഷാദരോഗവും ഹോര്‍മോണ്‍ വ്യതിയാനവുമാണ് ഇതിന് കാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി നിംഹാന്‍സില്‍ ചികിത്സ നല്‍കി വരികയായിരുന്നു. സെപ്റ്റംബര്‍ 1-ന് ഉച്ചയ്ക്ക് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ ഉമ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇവരെ രക്ഷപെടുത്തിയെങ്കിലും മുറിക്കുള്ളിലുണ്ടായിരുന്ന കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
