
ബെംഗളൂരു: സ്വന്തം മക്കളെപ്പോലെ നോക്കുമെന്ന് കരുതി മാതാപിതാക്കള്‍ ഏല്‍പ്പിച്ചുപോയ കുഞ്ഞുങ്ങളോട് ഡേകെയർ ജീവനക്കാരുടെ ക്രൂരവിനോദം.
ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലുള്ള പ്രമുഖ ഫ്രഞ്ച് ഐടി കമ്പനിയായ 'ക്യാപ്‌ജെമിനി' (Capgemini) കാമ്പസിനുള്ളില്‍ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരതകള്‍ അരങ്ങേറിയത്.
രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകളെ വാഷിംഗ് മെഷീന്റെ ഡ്രമ്മിനുള്ളിലിരുത്തിയും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം അടിച്ച് ഭയപ്പെടുത്തിയും, ബാത്ത്റൂമുകളില്‍ പൂട്ടിയിട്ടും ക്രൂരമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ട്.
ജീവനക്കാരുടെ പീഡനമുറകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വാട്‌സ്‌ആപ്പിലും വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഡേകെയറിലെ തന്നെ മറ്റൊരു ജീവനക്കാരി രഹസ്യമായി പകർത്തിയ നാല് വീഡിയോ ദൃശ്യങ്ങളാണ് ചൈല്‍ഡ് ഹെല്‍പ്‌ലൈനില്‍ എത്തിയത്.
കുട്ടികള്‍ കരയുമ്പോഴും ബഹളം വെക്കുമ്പോഴും അവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനാണ് ആയാമാർ ഈ വിചിത്രവും മൃഗീയവുമായ ശിക്ഷാമുറകള്‍ നടപ്പാക്കിയിരുന്നത്. ഐടി കമ്പനിയിലെ ജീവനക്കാരായ ദമ്പതിമാരുടെ കുട്ടികളാണ് ഇവിടെ ക്രൂരതയ്ക്ക് ഇരയായത്.
ദൃശ്യങ്ങള്‍ പരിശോധിച്ച ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ പരാതിയില്‍ എച്ച്.എ.എല്‍ (HAL) പോലീസ് സ്റ്റേഷനില്‍ അഞ്ച് വനിതാ കെയർഗിവേഴ്സിനെതിരെ കേസെടുത്തു. മഞ്ജുള, വിജയലക്ഷ്മി, ഭവാനി, സിന്ധു, ബിന്ദു എന്നിവർക്കെതിരെയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് (JJ Act), ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവം വൻ വിവാദമായതോടെ ഡേകെയർ സെന്റർ താല്‍ക്കാലികമായി പൂട്ടിയതായി ക്യാപ്‌ജെമിനി അധികൃതർ അറിയിച്ചു. ജീവനക്കാരുടെയും കുടുംബങ്ങളുടെയും സുരക്ഷിതത്വത്തിനാണ് കമ്പനി മുൻഗണന നല്‍കുന്നതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
പോലീസ് സംഘം സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു കഴിഞ്ഞു. പ്രതികളായ സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവിക പെരുമാറ്റമോ ശാരീരിക ബുദ്ധിമുട്ടുകളോ ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്ന് മനസ്സിലാക്കാൻ മാതാപിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് വിവരം.
