
സൂറത്ത് : ഭാര്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ബി.ജെ.പിനേതാവിന്റെ മകനെതിരെആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു.
ബി.ജെ.പി വനിതാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിംഗിന്റെ മകൻ സൗരഭ് സിംഗിനെതിരെയാണ് (26) കേസ്. സൗരഭിന്റെ ഒരു വനിതാ സുഹൃത്തിനെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
ബിഹാർ സ്വദേശിയായ നിധി സിംഗും സൗരഭും തമ്മിലുള്ള വിവാഹം രണ്ട് വർഷം മുമ്പാണ് നടന്നത്. സൗരഭിന് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കുകള്‍ നടന്നിരുന്നുവെന്നും നിധിയുടെ കുടുംബം ആരോപിക്കുന്നു.
വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മരുമകളെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് ശശി സിംഗ് പൊലീസിനോട് പറഞ്ഞു. ആ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ ഭർത്താവ് സഞ്ജയ് സിംഗിനെയും മകൻ സൗരഭിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
മരണവിവരമറിഞ്ഞെത്തിയ നിധിയുടെ സഹോദരൻ ആദിത്യ കുമാർ സൗരഭ് സിംഗിനും സുഹൃത്തിനും എതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ ആത്മഹത്യാ പ്രേരണ, ഭർത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വിവാഹത്തിന് മുമ്പുതന്നെ സൗരഭും വനിതാ സുഹൃത്തും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ആദിത്യ കുമാർ നല്‍കിയ പരാതിയില്‍ പറയുന്നു. "ഭർത്താവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് നിധി മനസ്സിലാക്കിയതോടെ ഇരുവരും തമ്മില്‍ പതിവായി വഴക്കുകള്‍ ഉണ്ടായിരുന്നു.
മാതാപിതാക്കളെയും കുടുംബത്തെയും നിധി ഈ വിവരം അറിയിച്ചിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും സൗരഭ് ബന്ധം തുടരുകയായിരുന്നു," എന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സൗരഭ് സിംഗിനും സുഹൃത്തിനുമെതിരെ അന്വേഷണം ആരംഭിച്ചതായും ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് ഇൻസ്പെക്ടർ വി. എ. ദേശായി പറഞ്ഞു.
"പോസ്റ്റ്‌മോർട്ടത്തിനിടെ ഡോക്ടർ നിധിയുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ കണ്ട് നശിപ്പിച്ചു കളയുമെന്ന ഭയം കാരണമാകാം നിധി അത് അങ്ങനെ സൂക്ഷിച്ചതെന്നാണ് കരുതുന്നത്," എന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ശശി സിംഗിന്റെ പേര് എഫ്.ഐ.ആറില്‍ ഇല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് അറിയിച്ചു. മുൻ ടേമില്‍ വനിതാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശശി സിംഗ്, നിലവില്‍ പാർട്ടിയില്‍ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
