
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശില്‍ ബിജെപിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ.
ജനറേഷൻ സിനെക്കാള്‍ (ജെൻ സി) ഉപരിയായി അവരെ വളർത്തിയെടുത്ത തലമുറയാണ് (ജെൻ എക്സ്) നിലവില്‍ ബിജെപിയെ ആശങ്കപ്പെടുത്തുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യുപിയില്‍ ഭരണകക്ഷിക്ക് കാര്യങ്ങള്‍ കടുപ്പമാകും എന്നാണ് സർവേ സൂചിപ്പിക്കുന്നത്.
ഇന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളില്‍ 41 എണ്ണവും 'ഇന്ത്യാ' മുന്നണി നേടുമെന്നാണ് പുതിയ സർവേ പ്രവചിക്കുന്നത്.
എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ സഖ്യത്തിന് 38 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.
കഴിഞ്ഞ ജനുവരിയില്‍ നടത്തിയ എംഒടിഎൻ സർവേയില്‍ എൻഡിഎയ്ക്ക് 48 സീറ്റുകളും 'ഇന്ത്യാ' മുന്നണിക്ക് 31 സീറ്റുകളുമാണ് പ്രവചിച്ചിരുന്നത്. ഇതില്‍നിന്നും വലിയൊരു രാഷ്ട്രീയ മാറ്റമാണ് നിലവിലെ കണക്കുകള്‍ കാണിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവേ ഫലങ്ങളെങ്കിലും, 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൃത്യമായ പ്രവചനമായി ഇതിനെ കാണാനാകില്ല എന്നൊരു മുൻകരുതലും സർവേ മുന്നോട്ടുവയ്ക്കുന്നുണ്ട്.
എങ്കിലും കഴിഞ്ഞ ഒരു ദശാപ്തക്കാലമായി ബിജെപിയുടെ രാഷ്ട്രീയ ആധിപത്യത്തിന്‍റെ കേന്ദ്രമായ ഉത്തർപ്രദേശില്‍ പാർട്ടിക്ക് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് പുതിയ കണക്കുകള്‍ ചുണ്ടിക്കാണിക്കുന്നത്
