
കെജിഎഫ് 2-നു ശേഷം റോക്കി ഭായ്-ഗീതു മോഹന്‍ദാസ് കൂട്ടുകെട്ടില്‍ തിയേറ്ററുകളിലെത്തിയ റോക്കിംഗ് സ്റ്റാര്‍ യാഷ് ചിത്രം 'ടോക്‌സിക്' ആഗോള ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാവുന്നു.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 140.75 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുമായി വാരിയത്.
ഇന്ത്യയില്‍ മാത്രം 101.10 കോടി രൂപ നെറ്റ് കളക്ഷനും 120.75 കോടി രൂപ ഗ്രോസ് കളക്ഷനും നേടാന്‍ ചിത്രത്തിന് സാധിച്ചു.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് രാജ്യത്തുടനീളം 24,579 ഷോ ആണ് ആദ്യ ദിനത്തില്‍ ഉണ്ടായത്. കന്നഡയ്ക്ക് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.
ഇതില്‍ ഏറ്റവും ശ്രദ്ധേയം ഹിന്ദി പതിപ്പിലെ കളക്ഷനാണ്. കന്നഡ പതിപ്പിനേക്കാള്‍ ഇരട്ടിയിലധികം വരുമാനമാണ് ഹിന്ദി ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്.
ഹിന്ദി പതിപ്പ് മാത്രം 55 കോടി രൂപ നെറ്റ് കളക്ഷന്‍ നേടിയപ്പോള്‍ മാതൃഭാഷയായ കന്നഡയില്‍ 23.30 കോടിയാണ് ചിത്രം നേടിയത്. തെലുങ്കില്‍ 16 കോടിയും തമിഴില്‍ 5.50 കോടിയും മലയാളത്തില്‍ 1.30 കോടിയും ടോക്‌സിക് ആദ്യ ദിനം സ്വന്തമാക്കി.
വിദേശ വിപണികളില്‍ നിന്ന് ഏകദേശം 20 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.
യാഷിന്റെ തകര്‍പ്പന്‍ സ്‌ക്രീന്‍ പ്രസന്‍സും ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തുവെങ്കിലും ചിത്രത്തിന്റെ ദൈര്‍ഘ്യത്തെയും കഥയുടെ വേഗതയെയും കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്ന് ഉയരുന്നത്.
നയന്‍താര, കിയാര അദ്വാനി, രുക്മിണി വസന്ത്, താരാ സുതാരിയ, ഹുമ ഖുറേഷി, സുദേവ് നായര്‍ എന്നിവരുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് വരാനിരിക്കുന്ന വാരാന്ത്യ ദിനങ്ങള്‍ ബോക്‌സ് ഓഫീസില്‍ നിര്‍ണായകമാകും.
