
വാഷിംഗ്ടണ്‍: ഇറാന്റെ ആണവപദ്ധതികളും മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങളും സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ഇറാനുമായി വളരെ മികച്ചൊരു കരാറിലെത്താന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഉറപ്പ് പുതിയ കരാറിലൂടെ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ വളരെ മികച്ചൊരു കരാറുണ്ടാക്കാനുള്ള ശ്രമത്തിലാണ്; അല്ലാത്തപക്ഷം സൈനിക ശക്തി ഉപയോഗിച്ച് ഞങ്ങള്‍ അത് അവസാനിപ്പിക്കും. ഞങ്ങള്‍ നല്ലൊരു കരാറിനോട് അടുത്തിരിക്കുകയാണ്. അത് സാധ്യമായില്ലെങ്കില്‍ പ്രതിരോധ മന്ത്രാലയം വഴി മറ്റ് നടപടികളിലേക്ക് കടക്കും.' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്നതാണ് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു.
'ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്നതിന് കരാറില്‍ കൃത്യമായ ഉറപ്പുണ്ടാകും, അവര്‍ അതിന് സമ്മതിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ വിജയകരമായാല്‍ കരാര്‍ ഒപ്പിട്ടാലുടന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകളില്‍ നല്ല പുരോഗതിയുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോഴും, ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാണെന്നും വലിയ ക്ഷമ ആവശ്യമാണെന്നും ട്രംപ് സമ്മതിച്ചു.
'ഞങ്ങള്‍ ആഗ്രഹിക്കുന്നത് പതുക്കെയാണെങ്കിലും നേടിയെടുക്കുന്നുണ്ട്. അവര്‍ കടുത്ത ചര്‍ച്ചക്കാരാണ്. ഇതിന് സമയമെടുക്കും. എനിക്ക് യാതൊരു തിടുക്കവുമില്ല. തിടുക്കം കൂട്ടിയാല്‍ നല്ലൊരു കരാറിലെത്താന്‍ സാധിക്കില്ല.'
ആണവ സുരക്ഷയ്ക്ക് പുറമെ അന്താരാഷ്ട്ര എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷിതമായ പ്രവര്‍ത്തനവും ചര്‍ച്ചകളില്‍ പ്രധാന വിഷയമാണ്.
നയതന്ത്ര ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുമ്പോഴും, ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്ന് ട്രംപ് വ്യക്തമാക്കി. പതുക്കെയാണെങ്കിലും ഞങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങളിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്, അല്ലാത്തപക്ഷം മറ്റൊരു രീതിയില്‍ ഇത് അവസാനിപ്പിക്കുമെന്നും അദ്ദേഹം താക്കീത് നല്‍കി.
