
ഇടുക്കി : ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ഭൂമി കൈയേറ്റം. ഹൈക്കോടതി വ്യാജമെന്ന് കണ്ടെത്തി പട്ടയം റദ്ദാക്കുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്ത ഭൂമിയാണ് വീണ്ടും കൈയേറിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങള്‍ തകൃതിയായി നടക്കുകയാണ്.
സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. തഹസില്‍ദാറുടെ ഉത്തരവും ഹൈക്കോടതി വിധിയും കാറ്റില്‍പ്പറത്തിയാണ് കൈയേറ്റം നടക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ചിന്നക്കനാല്‍ വില്ലേജിലെ എല്‍ എ നമ്പർ 24/70-ല്‍ ഉള്‍പ്പെട്ടതും തണ്ടപ്പേര് നമ്പർ 1718-ല്‍ പെട്ടതുമായ റവന്യൂ ഭൂമിയാണ് ഇപ്പോള്‍ കൈയേറ്റക്കാരുടെ പിടിയിലായിരിക്കുന്നത്.
വർഷങ്ങള്‍ക്ക് മുൻപ് ഡോ. വർഗീസ് എന്ന വ്യക്തിയുടെ കൈവശം ഉണ്ടായിരുന്ന ഈ ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് 2010-ല്‍ ഹൈക്കോടതി കണ്ടെത്തുകയും തുടർന്ന് സർക്കാർ ഈ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ വ്യാജമായി ചമച്ച പട്ടയവും തണ്ടപ്പേരും റദ്ദാക്കിക്കൊണ്ട് തഹസില്‍ദാർ ഉത്തരവും ഇറക്കിയിരുന്നു.
എന്നാല്‍ ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ട്, ഹൈക്കോടതിയില്‍ നിന്നും തങ്ങള്‍ക്ക് അനുകൂല ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നത്.
ഈ സ്ഥലം വെട്ടിത്തെളിച്ചതിന്റെ പിന്നില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാവിന്റെ ഗൂഢാലോചനയുണ്ട് എന്നും റവന്യു ഉദ്യോഗസ്ഥർ അടിയന്തിരമായി ഇടപെട്ട് ഭൂമി സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വേല്‍മണി ആവശ്യപ്പെട്ടു.
ഭൂമി കൈയേറ്റത്തിനെതിരെ കോണ്‍ഗ്രസ് ചിന്നക്കനാല്‍ മണ്ഡലം കമ്മിറ്റി ശാന്തൻപാറ പൊലീസ് ഇൻസ്പെക്ടർക്കും ദേവികുളം സബ് കളക്ടർക്കും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ലയങ്ങളില്‍ ദുരിതജീവിതം നയിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കാതെ, ഭൂമാഫിയയ്ക്ക് റവന്യൂ ഭൂമി തട്ടിയെടുക്കാൻ അധികാരികള്‍ കൂട്ടുനിന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
