
ഡല്‍ഹി: രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് ബി.ജെ.പി എം.പി രാഘവ് ഛദ്ദ.
പ്രശ്‌നത്തിന് കൃത്യമായ പരിഹാരം കാണുന്ന ദിവസം മാത്രമേ ഈ വിഷയത്തില്‍ സംസാരിക്കൂ എന്ന് താന്‍ സ്വയം പ്രതിജ്ഞ ചെയ്തിരുന്നതായി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
മൂന്ന് മാസം മുമ്പ് ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാഘവ് ഛദ്ദ, ഈ വിഷയത്തില്‍ തന്റെ മൗനത്തെ ചോദ്യം ചെയ്തവര്‍ക്ക് മറുപടിയായാണ് പാര്‍ലമെന്റില്‍ പ്രസംഗിച്ചത്.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കലായിരുന്നു തന്റെ ആയുധമെങ്കില്‍, ഭരണപക്ഷത്തിരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഉത്തരവാദിത്തമെന്ന് ഛദ്ദ വ്യക്തമാക്കി.
ക്യാമറകള്‍ക്ക് മുന്നില്‍ ദിനംപ്രതി പ്രസ്താവനകള്‍ നടത്തുന്നതിനേക്കാള്‍ ഫലപ്രദമായ പരിഹാരത്തിനാണ് താന്‍ മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ഡി.എ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ കേള്‍ക്കുകയും വ്യവസ്ഥാപിതമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനായി 2026-ലെ പൊതുപരീക്ഷാ ഭേദഗതി ബില്‍ വ്യാഴാഴ്ച രാജ്യസഭ പാസാക്കിയതോടെയാണ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും സോഷ്യല്‍ മീഡിയ റീച്ചിനുമായി ഉപയോഗിക്കുന്ന പ്രതിപക്ഷ നേതാക്കളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
