
ന്യൂ ഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) മയൂർ വിഹാർ ഫേസ്-1 ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് 1-ലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തില്‍ അരങ്ങേറി.
ഏരിയ ചെയർമാൻ ആർ കെ മേനോൻ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർത്ഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകള്‍ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു.
അഡീഷണല്‍ ജനറല്‍ സെക്രട്ടറി പി എൻ ഷാജി, ഡിനിപ് കെയർ ജനറല്‍ സെക്രട്ടറി കെ വി ഹംസ, സെൻ്റ് ജോണ്‍സ് ഓർത്തഡോക്സ് ചർച്ച് വികാരി റവ ഫാ ജേക്കബ് ജോർജ്ജ്, കേരള ആയുർവേദ ലൈഫ് മാനേജിങ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി രഘുനാഥൻ, ട്രഷറർ സുനില്‍ തോമസ്, വനിതാ വിഭാഗം കണ്‍വീനർ ശ്രീരേഖാ പ്രിൻസ്, ഓണാഘോഷ കണ്‍വീനർ എം കെ മധു തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.
ചടങ്ങില്‍ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ ആരംഭിച്ച കലാപരിപാടികള്‍ പി എസ് പ്രവീണിന്റെ നാടൻപാട്ട്, ആതിര ദാസും ഐശ്വര്യ ദാസും അവതരിപ്പിച്ച 'ഓണം പൊന്നോണം' - നൃത്തം, ആതിരാ രാജൻ അവതരിപ്പിച്ച കഥാപ്രസംഗം, ഗുരു നമിത കൃഷ്ണന്റെ ശിഷ്യരായ വാണി ജീവൻ ദാസ്, വിധുബാല രാജീവ്, വരദ മാധവൻ, ശ്രേയാ ഗിരീഷ്, മീരാ രവീന്ദ്രൻ, വൈഷ്ണവി വേണുഗോപാല്‍, ഋഷിക രാജേഷ്, ശിവദാ പി മാധവൻ, ഗൗരി എസ് മേനോൻ എന്നിവർ അവതരിപ്പിച്ച 'നായിക' - നൃത്തശില്പം, ശ്വാശ്വന്ത് ബാലന്റെ സെമി ക്ലാസിക്കല്‍ സോംഗ്, മയൂരം നടത്തിയ തിരുവാതിരകളി, അദ്വിക നായർ, റിതിഷ ശശികുമാർ, ഗൗരി ബിജു, അന്വിത പ്രദോഷ്, നവമി മങ്കട്ട്, അനന്യ ശർമ്മ എന്നിവർ അവതരിപ്പിച്ച 'ഓണപ്പുലരി', അലീന ബിജുവിന്റെ സോളോ ഡാൻസ്, ബ്ലെസി ബെൻ, ലയന വിനോയ്, സ്റ്റീഫൻ ഡാനിയേല്‍, സാഹില്‍ മാമച്ചൻ, അഭിനവ് ബൈജു, കുര്യാക്കോസ് മാത്യു, ഡരല്‍ സെബാസ്റ്റ്യൻ എന്നിവർ നടത്തിയ സിനിമാറ്റിക് ഡാൻസ് എന്നിവ ഓണാഘോഷത്തിനു മിഴിവേകി.
ചടങ്ങില്‍ ലക്കി ഡ്രോയിലെ ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
