Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഡല്‍ഹി മലയാളി അസോസിയേഷൻ മെഹ്റോളി ഏരിയയുടെ ഓണാഘോഷം വര്‍ണാഭമായി

Sathyam Online 2 days ago

ന്യൂ ഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷൻ (ഡിഎംഎ) മെഹ്റോളി ഏരിയയുടെ ഓണാഘോഷ പരിപാടികള്‍ മെഹ്റോളി ബസ് ടെർമിനലിനു സമീപമുള്ള എംസിഡി കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറി.

ഏരിയ ചെയർമാൻ കെപിഎച്ച്‌ ആചാരി അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം അക്ഷിത കുമാർ, അല്‍കാ ജേക്കബ്, അരുന്ധതി മണികണ്ഠൻ എന്നിവർ ആലപിച്ച പ്രാർത്ഥനാ ഗീതത്തോടെയാണ് ആരംഭിച്ചത്.

മെഹ്റോളി എംഎല്‍എ ഗജേന്ദ്ര യാദവ് മുഖ്യാതിഥിയായിരുന്നു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ ഫാ ഡോ മാത്യു കോയിക്കല്‍, ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, അഡീഷണല്‍ ജനറല്‍ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ വൈസ് ചെയർമാൻ എസ് പദ്‌മകുമാർ, സെക്രട്ടറി സുജാ രാജേന്ദ്രൻ, വനിതാ വിഭാഗം കണ്‍വീനർ മിനി മോഹനചന്ദ്രൻ, പൂക്കളം കണ്‍വീനറും ഇന്റേണല്‍ ഓഡിറ്ററുമായ എം ആർ രജീഷ്, കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനറും യൂത്ത് വിങ് കണ്‍വീനറുമായ ആഷിഷ് സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. അപർണ സത്യനാരായണൻ, ബിന്ദു സരസ്വതി എന്നിവർ അവതാരകരായിരുന്നു.

ചടങ്ങില്‍ 2025-26 അധ്യയന വർഷത്തില്‍ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് മീനാക്ഷി മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ആൻഡ് സോഷ്യല്‍ വെല്‍ഫെയർ ട്രസ്റ്റ് നല്‍കിയ എഡ്യൂക്കേഷണല്‍ എക്സലൻസ് അവാർഡ് 10-ാം ക്ലാസില്‍ പ്രജിത് പ്രസാദ്, 12-ാം ക്ലാസില്‍ വിശാല്‍ സോമൻ (സയൻസ്), ഐറിൻ സൂസൻ ബിനു (ഹ്യൂമാനിറ്റീസ്), റോഷൻ രജീഷ് (കോമേഴ്‌സ്) എന്നിവർക്കും, 10-ാംക്ലാസില്‍ മലയാളം വിഷയത്തില്‍ ടോപ്പേഴ്‌സിനുള്ള അഡ്വക്കേറ്റ് ജോണ്‍ തോമസ് നല്‍കിയ കെ ജെ വർഗീസ് മെമ്മോറിയല്‍ അവാർഡ് പ്രജിത് പ്രസാദ് (100%)നും സമ്മാനിച്ചു. ഗുരു മേഘാ നായരെയും, വേണു സജയനെയും തദവസരത്തില്‍ ആദരിച്ചു.

ആഘോഷത്തോടനുബന്ധിച്ച്‌ 11 ടീമുകള്‍ പങ്കെടുത്ത പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അർഹരായ അമ്പിളി അഭിലാഷ് നയിച്ച കണിക്കൊന്നക്കും രണ്ടാം സമ്മാനത്തിന് അർഹരായ ചന്ദ്ര പ്രകാശ് നയിച്ച ആരാധ്യ കിഡ്‌സ് കെയറിനും മൂന്നാം സമ്മാനത്തിന് അർഹരായ പോള്‍മോൻ ജോയ് നയിച്ച ഇൻസൈഡ് ഇന്ത്യ ടൂർ ആൻഡ് ട്രാവല്‍സ് മെഹ്‌റോളിക്കും ചടങ്ങില്‍ സമ്മാനങ്ങളും നല്‍കി.

തുടർന്ന് ഏരിയ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാൻസ്, ക്ലാസിക്കല്‍ ഡാൻസ്, കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, നാടൻ പാട്ടുകള്‍, സിനിമാ ഗാനങ്ങള്‍, തിരുവാതിരകളി, ഫ്യൂഷൻ ഡാൻസ് എന്നീ കലാപരിപാടികള്‍ അരങ്ങേറി.

മെലഡി കിംഗ്‌സിന്റെ ബാനറില്‍ സുമേഷ് അയിരൂർ നയിച്ച മെഗാ മ്യൂസിക്കല്‍ നൈറ്റ് ആഘോഷ പരിപാടികള്‍ക്ക് ചാരുതയേകി. ചടങ്ങില്‍ ലക്കി ട്രോ നറുക്കെടുപ്പും സമ്മാന വിതരണവും നടത്തി.

ഡിഎംഎ കേന്ദ്രകമ്മിറ്റി അംഗങ്ങളായ അഡ്വ കെ തോമസ്, ഡി ജയകുമാർ, രമാ സുനില്‍, കരോള്‍ബാഗ്-കൊണാട്ട് പ്ലേസ് ഏരിയ ചെയർമാൻ എ കെ സുബ്രഹ്മണ്യൻ, ട്രെഷറർ എസ് വിജയകുമാരൻ നായർ, മയൂർ വിഹാർ ഏരിയ സെക്രട്ടറി വി രഘുനാഥൻ, പശ്ചിം വിഹാർ ഏരിയ വൈസ് ചെയർപേഴ്‌സണ്‍ നളിനി മോഹൻ, മോത്തി നഗർ ഏരിയ സെക്രട്ടറി സുനില്‍ കുമാർ, പി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് പരിപാടികള്‍ സമാപിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online