
മുംബൈ: മുന്‍ സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയാന്റെ ദുരൂഹ മരണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി.
2020-ല്‍ സംഭവിച്ച മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി പിതാവ് സതീഷ് സാലിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സാരംഗ് കോട്വാള്‍, രഞ്ജിത്സിന്‍ഹ രാജ ബോണ്‍സ്ലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ണായക വിധി.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും, മല്‍വാണി പോലീസ് സ്റ്റേഷനിലെ കേസ് ഫയലുകള്‍ ഉടനടി സി.ബി.ഐക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു.
2020 ജൂണ്‍ 8-നാണ് മുംബൈ മലയിലെ ബഹുനില കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്ന് വീണ് ദിഷ സാലിയന്‍ മരണപ്പെടുന്നത്. അപകടമരണമെന്ന നിലയില്‍ മുംബൈ പോലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, തന്റെ മകള്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്ന് പിതാവ് കോടതിയില്‍ ആരോപിച്ചു.
രാഷ്ട്രീയ സ്വാധീനമുള്ള പ്രമുഖരെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും, ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ശക്തമായ തെളിവുകള്‍ ലഭിക്കുന്നതുവരെ ആരെയും പ്രതി ചേര്‍ക്കരുതെന്നും, അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ സി.ബി.ഐക്ക് സമറി റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
