
തെന്നിന്ത്യൻ സിനിമയില്‍ ബോക്സ് ഓഫീസ് റെക്കോർഡുകള്‍ തകർത്ത് മുന്നേറുകയാണ് ജീത്തു ജോസഫ്-മോഹൻലാല്‍ കൂട്ടുകെട്ടിന്‍റെ "ദൃശ്യം 3'.
തിയേറ്ററുകളില്‍ റിലീസ് ചെയ്ത് വെറും 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി ക്ലബിലെത്തിയ ചിത്രം ഏഴു ദിവസത്തിനുള്ളില്‍ 200 കോടി രൂപയുടെ വമ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. ഇതിനിടയില്‍ ചിത്രത്തിന്‍റെ ക്ലൈമാക്സിന് ശേഷമുള്ള പോസ്റ്റ് ക്രെഡിറ്റ് സീൻ വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നത്. ഇത് "ദൃശ്യം 4'-ലേക്കുള്ള സൂചനയാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ ശക്തമാകുന്നതിനിടെ, ഇതിന്‍റെ യഥാർഥ വസ്തുത വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
സിനിമയുടെ അവസാനം കാണിച്ച ആ രംഗം നാലാം ഭാഗത്തിനുള്ള ലീഡ് അല്ലെന്നും, കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ചെയ്തതാണെന്നും ജീത്തു ജോസഫ് പറഞ്ഞു-
"ഒരാള്‍ ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതില്‍ നിന്നൊരു റിസള്‍ട്ട് നമ്മള്‍ പ്രതീക്ഷിക്കുമല്ലോ. ആശാ ശരത്തിന്‍റെയും സിദ്ദിഖിന്‍റെയും കഥാപാത്രങ്ങള്‍ ഒരു കാര്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരു പരിധി വരെ അവർ അതില്‍ വിജയിക്കുന്നുണ്ട്. അവർ അതില്‍ വിജയിച്ചോ എന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ വേണ്ടിയാണ് ആ സീൻ ചേർത്തത്. യഥാർഥത്തില്‍ അത് സിനിമയ്ക്കുള്ളില്‍ തന്നെ വരേണ്ട ഭാഗമായിരുന്നു...' ജീത്തു പറഞ്ഞു.
എന്നാല്‍, പോസ്റ്റ് ക്രെഡിറ്റ് സീനാക്കി മാറ്റാൻ കാരണം തന്‍റെ അണിയറപ്രവർത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"നാലാം ഭാഗത്തെക്കുറിച്ചുള്ള ഡിസ്കഷൻ വന്നപ്പോള്‍ ടീമിലുള്ള പിള്ളേരാണ് പറഞ്ഞത്, ആ സീൻ സംവിധായകന്‍റെ പേര് എഴുതിക്കാണിച്ചതിനു ശേഷം ഇടാമെന്നും, അതിന് വേറൊരു ഫീല്‍ ആയിരിക്കുമെന്നും... അങ്ങനെയാണ് പോസ്റ്റ് ക്രെഡിറ്റ് സീൻ ആക്കി മാറ്റിയത്. അതുകൊണ്ടാണ് ഇപ്പോള്‍ "ദൃശ്യം 4' ഉണ്ടാകും എന്ന രീതിയില്‍ ചർച്ചകള്‍ നടക്കുന്നത്...'
നാലാം ഭാഗത്തെക്കുറിച്ച് ഇപ്പോള്‍ തനിക്ക് യാതൊരു ഉറപ്പും തരാൻ സാധിക്കില്ലെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്.
"ദൃശ്യം 4 ഉണ്ടാകുമെന്ന ഉറപ്പ് എനിക്ക് തരാൻ പറ്റില്ല. കാരണം അതിനുള്ള ഐഡിയ ഒന്നും ഇപ്പോള്‍ എന്‍റെ പക്കലില്ല. എന്ന് കരുതി ഞാൻ ശ്രമിക്കില്ല എന്നല്ല. എന്തെങ്കിലും ഒരു എക്സ്ട്രാ ഓർഡിനറി ഐഡിയ കിട്ടിയാല്‍ ഞാൻ തീർച്ചയായും ശ്രമിക്കും, ഇല്ലെങ്കില്‍ ഇല്ല...' ജീത്തു കൂട്ടിച്ചേർത്തു.
