Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ധ്രുവ നയതന്ത്രത്തില്‍ വൻ ചുവടുവെപ്പിനൊരുങ്ങി ഇന്ത്യ: ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാൻ പ്രത്യേക 'പോളാര്‍ അംബാസഡറെ' നിയമിക്കണമെന്ന് ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി പാനലിന്റെ ശുപാര്‍ശ; കാലാവസ്ഥാ വ്യതിയാനവും ആഗോള ശാസ്ത്ര സഹകരണവും തന്ത്രപ്രധാന ലക്ഷ്യങ്ങള്‍, അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രമായ 'മൈത്രി'ക്ക് പകരം പുതിയ അത്യാധുനിക സ്റ്റേഷൻ നിര്‍മ്മിക്കാനും നിര്‍ദ്ദേശം

Sathyam Online 1 week ago

ഡല്‍ഹി: ധ്രുവപ്രദേശങ്ങളിലെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വിദേശനയത്തില്‍ ഈ മേഖലകള്‍ക്കുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുമായി 'പോളാര്‍ അംബാസഡറെ' നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് പാര്‍ലമെന്ററി പാനല്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച 'ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളിലെ ഇന്ത്യയുടെ പങ്കും സാന്നിധ്യവും' എന്ന റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.


നിയമാധിഷ്ഠിതമായ സമീപനത്തിലൂടെ ആര്‍ട്ടിക്, അന്റാര്‍ട്ടിക് മേഖലകളില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരവും ശാസ്ത്രീയവുമായ രീതിയിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം സമിതിയെ അറിയിച്ചിട്ടുണ്ട്.


സമുദ്രനിരപ്പ് ഉയരുന്നതും ആഗോള കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുടെ തീരപ്രദേശങ്ങളെയും മണ്‍സൂണ്‍ സംവിധാനത്തെയും നേരിട്ട് ബാധിക്കുന്ന കാര്യമായതിനാല്‍ അന്റാര്‍ട്ടിക്കയിലും ആര്‍ട്ടിക്കിലും ഇന്ത്യയുടെ സജീവ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് പാനല്‍ ചൂണ്ടിക്കാട്ടി.

ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പോളാര്‍ അംബാസഡര്‍മാരുണ്ടെന്നും ഇന്ത്യയും ഈ മാതൃക പിന്തുടരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രമായ 'മൈത്രി'ക്ക് പകരം പുതിയ സ്റ്റേഷന്‍ അതിവേഗം നിര്‍മ്മിക്കണമെന്നും പാനല്‍ ശുപാര്‍ശ ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online