
കേരളത്തിന് ഒരു ഏവിയേഷൻ ഹബ്ബ് വേണമെന്ന വാശിയിലാണ് നമ്മുടെ മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളം ഒരു യഥാർത്ഥ വ്യോമയാന കേന്ദ്രമാകണമെങ്കില്‍ അതിന്റെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നത് മാത്രം പോരാ.
ഒരു വിമാനത്താവളം അന്താരാഷ്ട്ര യാത്രക്കാരാലും മറ്റൊന്ന് കാർഗോ ഇറക്കുമതി - കയറ്റുമതിയിലും വേറൊന്ന് എംആർഒയിലും വിമാന അറ്റകുറ്റപ്പണികളിലും, പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിലും വൈദഗ്ദ്ധ്യം നേടുന്ന ഒരു ഏകോപിത വ്യോമയാന ആവാസവ്യവസ്ഥ സംസ്ഥാനത്തിന് വികസിപ്പിക്കാൻ കഴിയണം.
അതേസമയം വീതികൂടിയ ഹൈവേകളും കാര്യക്ഷമമായ റെയില്‍വേകളും ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങളും ഉണ്ടായിരിക്കുകയും അവയാല്‍ ഈ നാലു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചിരിക്കുകയും വേണം.
എങ്കില്‍മാത്രമേ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വ്യോമയാനത്തെ ഒരു ദീർഘകാല വ്യാവസായിക മേഖലയാക്കാനും എംആർഒയ്ക്ക് കഴിയുമെന്ന് അമേരിക്കൻ അനുഭവം തെളിയിക്കുന്നതായി എനിക്ക് മനസ്സിലായി.
അമേരിക്കക്ക് ഔദ്യോഗികമായി നിർവചിക്കപ്പെട്ട ഒരു "വ്യോമയാന കേന്ദ്രങ്ങള്‍" ഇല്ല. ഇതിന് പകരം എയർലൈൻ ഹബുകള്‍, എയർപോർട്ട് ഹബുകള്‍ അല്ലെങ്കില്‍ ഏവിയേഷൻ/എംആർഒ വ്യവസായ ക്ലസ്റ്ററുകള്‍ എന്നിവയെ അർത്ഥവത്തായ രീതിയില്‍ ഏകോപിക്കുകയാണ് ചെയ്യുന്നത്. വ്യോമയാന വികസനത്തെക്കുറിച്ചുള്ള കേരളത്തിന്റെ കാഴ്ചപ്പാടിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
(ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങുന്ന അറ്റ്ലാന്റാ എയർപോർട്ട് ആകാശ ദൃശ്യം)
ഇവിടെ പ്രധാന വിമാനക്കമ്പനികള്‍ സ്വന്തം നെറ്റ്‌വർക്ക് ഹബുകളായി പ്രവർത്തിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ അറ്റ്ലാന്റ എയർപോർട്ടാണ് ഡെല്‍റ്റാ എയർലൈൻസിന്റെ (DL) പ്രധാന ഹബ്ബ്. ഡാളസ്-ഫോർട്ട് വർത്ത് എയർപോർട്ട് അമേരിക്കൻ എയർലൈൻസിന്റെ (AA) ഹബ്ബും, ചിക്കാഗോ യുണൈറ്റഡ്ന്റെ (UA) ഹബ്ബായും പ്രവർത്തിക്കുന്നു.
ഏകദേശം 83 അമെരിക്കൻ വിമാനകമ്പനികള്‍ അമേരിക്കയുടെ അകത്തും പുറത്തുമായി പ്രവർത്തിക്കുന്നുണ്ട്. അതില്‍ 18-ഓളം മേജർ എയർലൈനുകളുടെ വാർഷിക വരുമാനം ഒരു ബില്യണ്‍ ഡോളറാണ്.
അതില്‍തന്നെ അമേരിക്കൻ എയർലൈൻ, ഡെല്‍റ്റാ, യുണൈറ്റഡ്, സൗത്ത്‌വെസ്റ്റ് എയർലൈനുകള്‍ ആകാശത്തിന്റെ 76 ശതമാനം ഓഹരികള്‍ കൈവരിച്ചിരിക്കുന്നു.
ബോയിങ് വിമാനത്തന്റെ നിർമ്മാണകേന്ദ്രം
അമേരിക്കയിലെ ഏറ്റവും വലിയ എം.ആർ.ഓ സ്ഥിചെയ്യുന്നത് സിയാറ്റിലിലാണ്. അവിടെയാണ് ബോയിങ് വിമാനക്കമ്പനി സ്ഥിതിചെയ്യന്നത്.
വിമാന നിർമ്മാണത്തില്‍ നിർണ്ണായകമായ പങ്കുവഹിക്കുന്ന ലോകത്തിലെ ഏറ്റവും മുന്തിയ ബോയിങ് വിമാനങ്ങളുടെ പ്രഭവകേന്ദ്രമാണ് സിയാറ്റില്‍. വിമാന അറ്റകുറ്റപ്പണികള്‍ക്ക് സിയാറ്റില്‍ അല്ലാതെ മറ്റൊരു പേര് ഇന്ന് ലോകത്തിലില്ലെന്ന്തന്നെ പറയാം.
(സിയാറ്റലിലെ ബോയിങ് ഓഫീസ്)
1916-ജൂലൈ 16-ന്നാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനി സിയാറ്റിലില്‍ ആരംഭിക്കുന്നത്. ചെറിയ ദൂരത്തില്‍ പറക്കുന്ന വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കിയതെങ്കിലും താമസിയാതെ ദീർഘദൂരം പറക്കാൻ കഴിയുന്ന 737, 767, 777, 787, 777X എന്നിവ കൂടാതെ 1968-ല്‍ നാല് എഞ്ചിനുകളുള്ള 747 ജെംബോജെറ്റ് പുറത്തിറക്കിയതോടെ ബോയിങ് കമ്പനി പ്രവർത്തനത്തിന്റെ ഏറ്റവും മുന്തിയ ഉല്പന്നമായി വിലയിരുത്തി. 2025-ല്‍ 600 വാണിജ്യ വിമാനങ്ങളാണ് ബോയിങ് നിർമിച്ചത്.
(ബോയിങ് വിമാന എൻജിൻ നിർമ്മാണഘട്ടത്തില്‍)
അമേരിക്കൻ വ്യോമയാനത്തിന്റെ മറഞ്ഞിരിക്കുന്ന ശക്തി
അമേരിക്ക വ്യോമയാന സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണ്. ഒരു വ്യോമയാന കേന്ദ്രം യാത്രക്കാർ വിമാനങ്ങള്‍ കയറി-ഇറങ്ങുന്ന സ്ഥലം മാത്രമല്ല, മറിച്ച് പ്രധാന വിമാനത്താവളങ്ങളിലും എയ്‌റോസ്‌പേസ് കേന്ദ്രങ്ങളിലും എയർലൈനുകള്‍, കാർഗോ കമ്പനികള്‍, ബിസിനസ് ഏവിയേഷൻ, മിലിട്ടറി, എയർക്രാഫ്റ്റ് നിർമ്മാതാക്കള്‍ എന്നിവരുടെ മെയിന്റനൻസ്, റിപ്പയർ, ഓവർഹോള്‍ (എംആർഒ) എല്ലാം ചെയ്തുകൊടുക്കുന്ന കേന്ദ്രം കൂടിയാണ്.
യുഎസ് എംആർഒ ശൃംഖല ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിനുപകരം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു. ഉദാഹരണത്തിന്, തുള്‍സ, ഒക്ലഹോമ പ്രധാന കേന്ദ്രമാണ്.
അമേരിക്കൻ എയർലൈൻസിന്റെ ടെക് ഓപ്‌സ്-തുള്‍സയെ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാന അറ്റകുറ്റപ്പണി കേന്ദ്രമായി എയർലൈൻ വിശേഷിപ്പിക്കുന്നു, ഏകദേശം 5,000 പേർക്ക് ജോലി നല്‍കുകയും പ്രതിവർഷം നൂറുകണക്കിന് വിമാനങ്ങള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നു.
(ജെറ്റ് എഞ്ചിനുകളുടെ നിർമ്മാണത്തില്‍)
ടിങ്കർ എയർഫോഴ്‌സ് ബേസ് കാരണം ഒക്ലഹോമ സിറ്റി ഒരു പ്രധാന വ്യോമയാന അറ്റകുറ്റപ്പണി, പ്രതിരോധ കേന്ദ്രം കൂടിയാണ്, അതേസമയം എഫ്‌എഎയുടെ മൈക്ക് മണ്‍റോണി എയറോനോട്ടിക്കല്‍ സെന്റർ വ്യോമയാന പരിശീലനം, ലോജിസ്റ്റിക്‌സ്, എയറോമെഡിക്കല്‍ ഗവേഷണം എന്നിവ നല്‍കുന്നു.
ഡാളസ്-ഫോർട്ട് വർത്ത്, അറ്റ്ലാന്റ, മിയാമി, ചിക്കാഗോ, ലോസ് ഏഞ്ചല്‍സ്, മിനിയാപൊളിസ്, ഡെൻവർ, കൻസാസ് സിറ്റി, ഇന്ത്യാനാപോളിസ്, സിൻസിനാറ്റി, ഫീനിക്സ്, ഫ്ലോറിഡ എയ്‌റോസ്‌പേസ് കോറിഡോർ എന്നിവയാണ് മറ്റ് പ്രധാന എംആർഒ, വ്യോമയാന-വ്യാവസായിക കേന്ദ്രങ്ങള്‍.
ന്യൂയോർക്ക്, ലോസ് ഏഞ്ചല്‍സ്, സാൻ ഫ്രാൻസിസ്കോ, ഡെൻവർ, അറ്റ്ലാന്റ, കൻസാസ് സിറ്റി, തുള്‍സ, മിനിയാപൊളിസ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലെ പ്രധാന എയർലൈൻ ഓവർഹോള്‍ സെന്ററുകളെ എഫ്‌എഎ ചരിത്രപരമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ആവശ്യമായ പഠനങ്ങള്‍ വേണം
കേരളത്തില്‍ ഇത് സാധ്യമാകുന്നോ എന്നതിനെക്കുറിച്ച് ഒരു വിദഗ്‌ദ്ധ പഠനം ആവശ്യമാണ്. പശുപെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്ന രീതിയില്‍ ഏവിയേഷൻ ഹബ്ബ് സാധ്യമാവില്ല.
യാത്രക്കാരുടെ ഗതാഗതം, അന്താരാഷ്ട്ര കണക്റ്റിവിറ്റി, കാർഗോ, എംആർഒ, എയ്‌റോസ്‌പേസ് നിർമ്മാണം, വ്യോമയാന പരിശീലനം, ലോജിസ്റ്റിക്സ്, ടൂറിസം, വൈദഗ്ധ്യമുള്ള തൊഴില്‍ എല്ലാറ്റിലുമപരി സൗകര്യ പ്രദമായ സ്ഥലവും അനുയോജ്യമായ കാലാവസ്ഥയും ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ ഒരു ഏവിയേഷൻ ഹബ്ബ് യാഥാർഥ്യമാവുകയുളളൂ. വിദഗ്ധ പഠനത്തിനായി അന്താരാഷട്ര ഏജൻസികളെ നിയമിക്കേണ്ടിവരും.
ആദ്യ വിമാനം പറത്തിയവരുടെ ഗ്രാമത്തില്‍:
മറ്റൊരു പുതുമയുള്ള സ്ഥലത്തേക്കാണ് മകള്‍ എന്നെ കൊണ്ടുപോയത്. ലോകത്തില്‍ ആദ്യമായി വിമാനം ഉണ്ടാക്കിയ ഒരു കൊച്ചു ഗ്രാമത്തിലേക്ക്.
ആകാശയാത്രക്ക് തുടക്കം കുറിച്ച 'റൈറ്റ്ബ്രദേഴ്സിന്‍റെ' ജന്മ നാട്ടിലേക്കായിരുന്നു ആ യാത്ര. നൂറ്റി ഇരുപത്തിഒന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് രണ്ടു സഹോദരന്മാര്‍ വില്‍ബർ റൈറ്റും ഓര്‍വില്ലി റൈറ്റും (Wilbur and Orville Wright.)
ലോക ചരിത്രത്തെ മാറ്റിമറിച്ച കണ്ടുപിടുത്തം നടത്തിയത് ഈ രണ്ട് അമേരിക്കൻ മനുഷ്യരാണ്. ഇന്ന് നാം കാണുന്ന ആകശായാത്രയെ മാറ്റിമറിച്ചത് ഈ രണ്ടു സഹോദരന്മാരായിരുന്നു എന്ന യാഥാര്‍ഥ്യം നേരില്‍ കണ്ടു മനസ്സിലാക്കാനും അവരുടെ ജന്മ നാട്ടിലൂടെ ഇത്തിരി നേരം കറങ്ങാനും റൈറ്റ് ബ്രദേഴ്സിന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ 'ഏവിയേഷന്‍ മ്യൂസിയം' കാണാനും ഞാനിതാ എത്തിയിരിക്കുന്നു.
(വില്‍ബറും ഓർവില്ലിയും)
ദൂരയാത്രകളെ ചുരുക്കി, ചക്രവാളസീമകളെ കൂട്ടിയോചിപ്പിക്കാനുള്ള ഇരവുടെ കഠിന ശ്രമം ഫലപ്രാപ്തിയില്‍ എത്തിയതിന്‍റെ സകല തെളിവുകളും ആ വലിയ മ്യൂസിയത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു.
നാം ഇന്ന് കാണുന്ന എയര്‍ബസ് 380 എന്ന 600-ല്‍ ഏറെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന അതികൂറ്റന്‍ വിമാനം ലോകത്തിനു സമ്മാനിക്കാനുള്ള ബുദ്ധിയുടെയും സാങ്കേതിക വിദ്യയുടെയും ഉറവിടം ഹൈസ്കൂള്‍ വിദ്യാഭ്യാസംമാത്രം കൈമുതലായ രണ്ടു സഹോദരന്മാരില്‍ നിന്നുണ്ടായതാണന്ന മഹാസത്യം എന്നെ ഒരുപാടു അത്ഭുതപ്പെടുത്തി.
മൈക്രോസോഫ്റ്റിന്റെ അതികായകന്‍ ഇവിടെ രേഖപ്പെടുത്തിയ അതിമനോഹരമായ വാക്കുകള്‍ എത്ര പ്രൌഡഗംഭീരമാണെന്ന് ഞാന്‍ ഓര്‍ത്തുപോയി. :'The wright brothers created the single greatest culture force since the invention of writing. The airplane was the first world wide web, bringing people, language, ideas and values together' - Bill Gates. ("എഴുത്തിന്റെ കണ്ടുപിടുത്തത്തിനു ശേഷമുള്ള ഏറ്റവും വലിയ സാംസ്കാരിക ശക്തിയെ സൃഷ്ടിച്ചത് റൈറ്റ് സഹോദരന്മാരാണ്. ആളുകളെയും ഭാഷയെയും ആശയങ്ങളെയും മൂല്യങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന ആദ്യത്തെ വേള്‍ഡ് വൈഡ് വെബ് ആയിരുന്നു വിമാനം" - ബില്‍ ഗേറ്റ്സ്.)
(ലോകത്തിലെ ആദ്യ വിമാനത്തിന്റെ മോഡല്‍)
ഒരു ചരിത്രഗാഥയുടെ തുടക്കം
മില്‍ട്ടണ്‍-സൂസന്‍ റൈറ്റ് ദമ്പതികളുടെ മക്കളായിരുന്നു വൈബരും ഓര്‍വില്ലിയും. കൂടെ കാതറിന്‍ എന്ന കൊച്ചു സഹോദരിയും. പള്ളീലച്ചനായ പിതാവ് പലപ്പോഴും ദൂരയാത്രകളില്‍ ആയിരുന്നു. ഒരിക്കല്‍ യാത്രകഴിഞ്ഞു തിരിച്ചു വരുമ്പോള്‍ മക്കള്‍ക്കായി ഒരു റബ്ബറിന്‍റെ ഹെലികോപ്റ്റർ മോഡല്‍ സമ്മാനമായി കൊണ്ടുവന്നു.
അതുമായി കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അതെ രൂപത്തില്‍ മറ്റൊരു മോഡല്‍ ഉണ്ടാക്കി തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അമ്മ സൂസന്‍ ക്ഷയരോഗ ബാധിതയായി മരിച്ചതോടെ വൈബര്‍ ഹൈസ്കൂള്‍ പഠനം നിര്‍ത്തി. ഓര്‍വില്ലിക്കും പഠിത്തം തുടരാന്‍ താത്പര്യം ഇല്ലാതായി.
അവന്‍ സ്വന്തമായി ഒരു അച്ചടിശാലതുടങ്ങി. 1890-ല്‍ വൈബരും ഓര്‍വില്ലിയോടൊപ്പം അച്ചടിശാലയില്‍ ചേര്‍ന്നു. താമസിയാതെ 'ദ വെസ്റ്റ് സൈഡ് ന്യൂസ്' എന്ന ഒരു ആഴ്ചപ്പതിപ്പ് 'ഡേടോണ്‍' എന്ന സ്വന്തം ഗ്രാമത്തിനായി ഈ സഹോദരന്മാര്‍ അച്ചടിച്ച് വിതരണം ചെയ്തു.
ഒഴിവുസമയം അവര്‍ ചെലവഴിച്ചത് സൈക്കില്‍- ബൈക്ക് നിര്‍മാണത്തിനായിരുന്നു. താമസിയാതെ 'റൈറ്റ് സൈക്കിള്‍ കമ്പനി' അറിയപ്പെടുന്ന ഒരു കച്ചവടസ്ഥാപനമായി മാറുകയും ലാഭത്തില്‍ എത്തുകയും ചെയ്തു.
പക്ഷെ പണവും ലാഭവും അവര്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. അവരുടെ ബുദ്ധി മറ്റൊരു തട്ടിലേക്ക് വികസിക്കാന്‍ തുടങ്ങി. സൈക്കിള്‍ ചക്രത്തില്‍നിന്നും ചിറകുകള്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഇരുവരം ചിന്തിച്ചത്.
1896-ല്‍ അവരുടെ സ്വന്തം പത്രത്തില്‍ ആകാശത്തില്‍ പറക്കുന്ന യന്ത്രത്തെ കുറിച്ചുള്ള കുറിപ്പുകള്‍ വന്നു തുടങ്ങി. എങ്ങനെയാണു വായുവില്‍ ഒരു യന്ത്രത്തിനു ബാലന്‍സ്‌കിട്ടുക എന്ന ചിന്തയില്‍ അവര്‍ സദാമുഴങ്ങി. പട്ടം പറത്തി വായുവിലെ ബാലന്‍സ് നിയന്ത്രണത്തിന്റെ വിവിധവശങ്ങള്‍ മനസ്സിലാക്കി.
പിന്നീട് ഗ്ലൈഡരുകള്‍ നിര്‍മ്മിച്ച് വായുവില്‍ ബാലന്‍സ് നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ അറ്റ്‌ലാന്‍ടിക് സമുദ്രത്തിന്റെ ഓരത്ത് ആദ്യ ആകാശകപ്പല്‍ പറന്നു, പക്ഷെ കാറ്റില്‍ പെട്ടതുകാരണം നിമിഷങ്ങള്‍ക്കകം അത് തകര്‍ന്നു വീണു. പക്ഷെ ഇരുവരും നിരാശാരായില്ല. ഗ്ലൈഡര്‍ കുറേകൂടി സൂക്ഷ്മതയോടെ മൂന്നാം തവണയും ഉണ്ടാക്കി തുടക്കത്തിലേ പ്രശ്നങ്ങള്‍ പരിഹരിച്ചു.
വീണ്ടും ഒരുപാട് സമയമെടുത്തകൊണ്ടാണ് വൈബരും ഓര്‍വില്ലിയും തങ്ങളുടെ പരിഷ്കരിച്ച ആകാശയന്ത്രം പുറത്തിറക്കിയത്.
ഒടുവില്‍ 1903 ഡിസംബര്‍ 17-ന്റെ ഒരു നനുത്ത പകലില്‍ ജന്മനാടായ നോര്‍ത്ത് കരോലിനയിലെ 'കിറ്റി ഹവാകിലെ' ആകാശത്തില്‍ പണ്ട്രണ്ടു സെക്കണ്ട് പറത്തികൊണ്ട് ചരിത്രം കുറിച്ചു. പതിനായിരങ്ങള്‍ ആ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിച്ചു. അതായിരുന്നു ലോകത്തിലെ ആദ്യത്തെ യന്ത്രംകൊണ്ടുള്ള വിമാനം.
അമേരിക്കക്കും ലോകത്തിനും ആശ്വാസവും ആഹ്ലാദവും അതിലുപരി അതിശയവും പകര്‍ന്നുകൊണ്ട് റൈറ്റ് സഹോദരന്മാര്‍ പ്രസിദ്ധമായി കഴിഞ്ഞു. അവരുടെ യജ്ഞം സമാധാനമായി സ്വന്തം ഗ്രാമത്തില്‍ തുടര്‍ന്നു.
1905-ല്‍ മറ്റൊരു വിമാനം അരമണിക്കൂര്‍ പറത്തികൊണ്ട് അവര്‍ ലോകത്തോട് പറഞ്ഞു: 'ലോക ചരിത്രത്തിനു ഒരു പുതിയ വാതായനം തുറന്നിരിക്കുകയാണ് ഞങ്ങള്‍. ഭാവി തലമുറക്കുമുമ്പില്‍ ഇതൊരു തുടക്കമാവുമെന്നു ഞങ്ങള്‍ കരുതുന്നു.'
ലോകത്തിലെ ആദ്യത്തെ വിമാനം ആകാശത്തില്‍
ഏവിയേഷന്‍ മ്യൂസിയത്തില്‍ ഒരു പാട് കാണാനും പഠിക്കാനുമുണ്ട്. പ്രത്യേകിച്ചു ഏവിയേഷന്‍ വിദ്യര്‍ത്ഥികള്‍ക്ക്. ഇന്നത്തെ തലമുറക്കും, വരാനിരിക്കുന്ന തലമുറക്കും 'റൈറ്റ് സഹോദരന്മാരുടെ' പരീക്ഷണ ജീവിതത്തില്‍ നിന്നും ഒരുപാടു അറിയാനും പഠിക്കാനുണ്ട്.
തുടര്‍ന്ന് വ്യോമയനരംഗത്തെ പരീക്ഷണങ്ങളയായിരുന്നു. ജെര്‍മനിയും, ഫ്രാന്‍സും റൈറ്റ് സഹോദരന്മാരുമായി ആശയവിനിമയം നടത്തി. അമേരിക്കയുടേത് മാത്രമല്ല ലോകത്തിന്റെതന്നെ ആദരവും, സ്നേഹവും ഏറ്റുവാങ്ങിയ റൈറ്റ് സഹോദരരര്‍ അമേരികയിലെ നാഷണല്‍ ഉപദേശകസമിതിയില്‍ അംഗമായി ഏറെക്കാലം പ്രവര്‍ത്തിച്ചു.
അങ്ങനെ ലോകത്ത് ആദ്യമായി വിമാന സ്വന്തം നിർമ്മിച്ചവരുടെ നാട്ടില്‍ ഞങ്ങള്‍ ഏറെ നേരം ചെലവഴിച്ചു. ഞാനിവിടെ പറന്നിറങ്ങിയ പടുകൂറ്റൻ ബോയിങ് 787 വിമാനത്തിന്റെ പിൻഗാമികളെ സ്മരിച്ചുകൊണ്ട് അവിടെനിന്നും മടങ്ങുബോള്‍ മനസ്സില്‍ അറിയാതെ നൂറ്റി ഇരുപത്തിയൊന്ന് വർഷം മുമ്പുണ്ടാക്കിയ ഗ്ലൈഡർ ഘടിപ്പിച്ച ചിറകുകളുടെ രൂപവും പുതിയ ജെറ്റ് എൻജിന്റെ ചിത്രവും എന്റെ മുമ്പില്‍ പ്രതിഫലിച്ചു.
റൈറ്റ് സഹോദരന്മാരുടെ സ്വപ്നത്തില്‍ നിന്ന് യുദ്ധായുധങ്ങളിലേക്ക്
കൃത്യമായി എവിടെയും രേഖപ്പെടുത്തിയില്ലെങ്കിലും ഏകദേശം പതിനായിരം വർഷങ്ങള്‍ക്ക് മുമ്പാണ് മനുഷ്യൻ ജലവാഹനങ്ങള്‍ കണ്ടുപിടിച്ചത്. പൊള്ളയായ മരക്കൊമ്പുകള്‍ കൂട്ടിക്കെട്ടി ലളിതമായ ലോഗ് റാഫ്റ്റുകളും ഡഗൗട്ട് കാനോകളും ആദ്യകാല മനുഷ്യൻ യാത്രക്കായും മീൻ പിടുത്തത്തിനായും ഉപയോഗിച്ചു.
പതിയെപ്പതിയെ ജലബോട്ടുകളായും ഉരുകളായും അത് രൂപം പ്രാപിച്ചതോടെ രാജ്യന്തര യാത്രകള്‍ ആരംഭിച്ചു. അങ്ങനെയാണ് കപ്പല്‍മാർഗ്ഗം ക്രിസ്റ്റഫർ കൊളമ്പസ് 1492-ല്‍ അമേരിക്കയില്‍ എത്തുന്നത്.
121 വർഷങ്ങള്‍ക്ക് മുമ്പ് റൈറ്റ് സഹോദരന്മാരായ ഓർവില്ലും വില്‍ബർ റൈറ്റും വിജയകരമായ പവർ ഫ്ലൈറ്റ് നേടി ചരിത്രം സൃഷ്ടിച്ചതിനാല്‍ ഇന്ന് നാല്പതിനായിരം അടി ഉയരത്തില്‍ അറുനൂറിലേറെ മനുഷ്യരെ വഹിച്ചുകൊണ്ട് ആകാശ യാത്രകള്‍ എളുപ്പമാക്കി.
ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ പുരോഗമിച്ചതോടെ അവരുടെ സ്വപ്നം നാശത്തിന്റെ ആയുധങ്ങള്‍ സൃഷ്ടിക്കുക എന്നതിലേക്കുകൂടി വികസിപ്പിസിച്ചെടുക്കാൻ ആധുനിക മനുഷ്യർ മത്സരിച്ചു തുടങ്ങി.
മനുഷ്യരാശിക്കായി ആകാശം തുറക്കുക എന്നതിനുപുറമെ ലോകത്തെ ചെറുതാക്കുക ആളുകളെയും ഭൂഖണ്ഡങ്ങളെയും കൂടുതല്‍ അടുപ്പിക്കുക മനുഷ്യരെ വേഗത്തിലും ദൂരത്തും സഞ്ചരിക്കാൻ സാധ്യമാവുക, അവന്റെ അറിവും, ജിജ്ഞാസയും, ധൈര്യവും ആകാശംവരെ ഉയർത്തി മനുഷ്യ പുരോഗതിക്കുള്ള ഒരു പുതിയ പാതയായി ഒരുക്കണമെന്നായിരുന്നു റൈറ്റ് ബ്രെദേഴ്‌സിന്റെ കണ്ടുപിടുത്തം കൊണ്ട് ഉദ്ദേശിച്ചത്.
പക്ഷെ, പറക്കലിന്റെ അതേ തത്വം ശക്തമായ യുദ്ധവിമാനങ്ങള്‍, ബോംബറുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ എന്നിവയായി രൂപാന്തരപ്പെടുത്തി തുടങ്ങി. ഒരുകാലത്ത് രാജ്യങ്ങള്‍ തമ്മിലുള്ള പാലമായി സങ്കല്‍പ്പിക്കപ്പെട്ടിരുന്ന ആകാശം പലയിടത്തും ഒരു യുദ്ധക്കളമായി മാറ്റിയെടുക്കാൻ മനുഷ്യൻ പ്രവൃത്തിച്ചു.
ഭൂഖണ്ഡങ്ങളിലൂലൂടെ ആളുകളെയും മരുന്നുകളെയും ഭക്ഷണത്തെയും പ്രതീക്ഷയെയും കൊണ്ടുപോകാൻ കഴിയുന്ന വിമാനങ്ങളും റോക്കറ്റുകളും നാശവും മരണവും വഹിക്കാൻ ഉപയോഗിക്കാൻ തുടങ്ങിയത് വിരോധാഭാസവും വേദനാജനകവുമണ്.
ദൂരത്തെ മറികടക്കാൻ മനുഷ്യരാശിയെ സഹായിച്ച ഒരു കണ്ടുപിടുത്തം ഈ വർത്തമാന കാലത്ത് ധാരാളം നാശനഷ്ടങ്ങളും വംശഹത്യകളും വിഭജനങ്ങളും ഭയവും കഷ്ടപ്പാടുകളും സൃഷ്ടിക്കാൻ മനുഷ്യൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
റൈറ്റ് സഹോദരന്മാരുടെ ലളിതമായ പറക്കുന്ന യന്ത്രം മുഴുവൻ നഗരങ്ങളെയും നശിപ്പിക്കാൻ കഴിവുള്ള ആയുധങ്ങളായി പരിണമിക്കുന്നത് അവർ ഒരിക്കലും വിചാരിച്ചിരിക്കില്ല.
വ്യോമയാനത്തിന്റെയും ബഹിരാകാശ സാങ്കേതികവിദ്യയുടെയും അസാധാരണമായ പുരോഗതിയില്‍ അവർക്ക് അഭിമാനം തോന്നുമെങ്കിലും ആ പുരോഗതിയില്‍ ചിലത് ഉപയോഗിച്ച രീതിയെക്കുറിച്ച് അവർക്ക് വളരെയധികം സങ്കടമുണ്ടാകും.
അവർ നിശ്ശബ്ദരായി മനുഷ്യരാശിയോട് ഒരു ലളിതമായ ചോദ്യം ചോദിച്ചേക്കാം: "ആളുകളെ പറക്കാൻ ഞങ്ങള്‍ സഹായിക്കാൻ ആഗ്രഹിച്ചു. പരസ്പരം നശിപ്പിക്കാൻ നിങ്ങള്‍ എന്തിനാണ് ആകാശം ഉപയോഗിക്കുന്നത് ?"
നൂറ്റിഇരുപത്തൊന്ന് വർഷങ്ങള്‍ക്ക് മുമ്പുണ്ടായ ലളിതമായ ഒരു കണ്ടുപിടുത്തം സൂപ്പർസോണിക് ജെറ്റുകളിലേക്കും ഭൂഖണ്ഡാന്തര മിസൈലുകളിലേക്കും ബഹിരാകാശ റോക്കറ്റുകളിലേക്കും ആളില്ലാ ആയുധങ്ങളിലേക്കും നയിക്കുമെന്ന് ഒരിക്കലും സങ്കല്‍പ്പിക്കാൻ പോലും കഴിയില്ല. എന്നിരുന്നാലും, സാങ്കേതികവിദ്യയുടെ വളർച്ച നല്ലതോ ചീത്തയോ അല്ലെന്ന് അവരുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.
തങ്ങളുടെ കണ്ടുപിടുത്തം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് പിന്നീട് വന്ന തലമുറയാണ്. പുരോഗതിയുടെ യഥാർത്ഥ അളവുകോല്‍ നമുക്ക് എത്ര ദൂരം പറക്കാൻ കഴിയും അല്ലെങ്കില്‍ നമ്മുടെ ആയുധങ്ങള്‍ എത്രത്തോളം ശക്തമാകും എന്നതല്ല, മറിച്ച് സമാധാനത്തിനായി നമ്മുടെ അറിവ് ഉപയോഗിക്കാനുള്ള ജ്ഞാനം നാം വികസിപ്പിച്ചെടുത്തിട്ടുണ്ടോ എന്നതാണ്.
ഒരുപക്ഷേ, ഇന്ന് റൈറ്റ് സഹോദരന്മാർക്ക് നമ്മോട് സംസാരിക്കാൻ കഴിയുമെങ്കില്‍, അവരുടെ ഏറ്റവും വലിയ ആഗ്രഹം ആകാശം വീണ്ടും അവർ സ്വപ്നം കണ്ടതുപോലെ മാറണമെന്നാണ്: മനുഷ്യരാശിയെ വിഭജിക്കുന്ന ഒരു യുദ്ധക്കളമല്ല, മറിച്ച് മനുഷ്യരാശിയെ ബന്ധിപ്പിക്കുന്ന ഒരു പാലമായി തീരണമെന്നാണ്.
-ഹസ്സൻ തിക്കോടി (hassanbatha@gmail.com From Florida, Orlando- USA)
