
വാഷിംഗ്ടണ്‍: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ട്രംപ് ഭരണകൂടം സംഘടിപ്പിച്ച ബൃഹത്തായ വെടിക്കെട്ടിന് പിന്നാലെ യു.എസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി മാറി.
അന്തരീക്ഷ ഗുണനിലവാരം അളക്കുന്ന സ്വിസ് ഏജന്‍സിയായ 'ഐ.ക്യു എയറിന്റെ' കണക്കുകള്‍ പ്രകാരമാണ് ഞായറാഴ്ച പുലര്‍ച്ചെ വാഷിംഗ്ടണ്‍ മലിനീകരണത്തില്‍ ലോകത്ത് ഒന്നാമതെത്തിയത്.
വൈറ്റ് ഹൗസിന്റെ 'ഫ്രീഡം 250' സംഘടന കരാര്‍ നല്‍കിയ 'പൈറോടെക്‌നിക്കോ' എന്ന കമ്പനി 40 മിനിറ്റിനുള്ളില്‍ 8,50,000 പടക്കങ്ങള്‍ പൊട്ടിച്ച് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു വെടിക്കെട്ട് നടത്തിയത്.
എന്നാല്‍ ഇത്രയധികം പടക്കങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊട്ടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത ഉഷ്ണതരംഗത്തിനിടയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടന്നത്. എന്നാല്‍ രാത്രിയില്‍ ഉണ്ടായ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയെത്തുടര്‍ന്ന് പ്രധാന വെടിക്കെട്ട് ഒരു മണിക്കൂറിലധികം വൈകി അര്‍ദ്ധരാത്രിയോടടുത്താണ് ആരംഭിച്ചത്.
പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതോടെ വന്‍തോതില്‍ പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുകയും കാറ്റിന്റെ ദിശയിലുണ്ടായിരുന്ന ആളുകളുടെ കാഴ്ച പൂര്‍ണ്ണമായി മറയുകയും ചെയ്തു.
അന്തരീക്ഷത്തിലെ മാരകമായ പി.എം 2.5 കണികകളുടെ അളവ് ഒരു ക്യൂബിക് മീറ്ററില്‍ 200 മൈക്രോഗ്രാമിന് മുകളിലാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പരിധി 35 മൈക്രോഗ്രാം മാത്രമായിരിക്കെയാണിത്.
ഇതോടെ വാഷിംഗ്ടണിലും സമീപ സംസ്ഥാനങ്ങളായ വിര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളിലും വായുനിലവാരം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന 'കോഡ് പര്‍പ്പിള്‍' ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ 5 മണി വരെയുള്ള സമയത്താണ് വാഷിംഗ്ടണ്‍ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി മാറിയത്.
എന്നാല്‍ തുടര്‍ന്നുണ്ടായ ശക്തമായ മഴ പുകപടലങ്ങളെ ഒഴുക്കിക്കളഞ്ഞതിനാല്‍ ഞായറാഴ്ച ഉച്ചയോടെ വായുനിലവാരം സാധാരണ നിലയിലായി. വന്‍ ദുരന്തത്തില്‍ നിന്നാണ് നഗരം രക്ഷപ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തി.
അതേസമയം, വായുമലിനീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച ഇ.പി.എ പ്രസ് സെക്രട്ടറി ബ്രിജിറ്റ് ഹിര്‍ഷെ, 'വെടിക്കെട്ടുകള്‍ എപ്പോഴും ഗംഭീരമാണ്, അമേരിക്കയുടെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടന്ന അത്ഭുതകരമായ കാഴ്ചകള്‍ എല്ലാവരും ആസ്വദിച്ചുവെന്ന് കരുതുന്നു' എന്ന് വ്യക്തമാക്കി.
ഫിലിപ്പീന്‍സിന്റെ പേരിലുള്ള 8,11,000 പടക്കങ്ങളുടെ നിലവിലെ ലോകറെക്കോര്‍ഡ് വാഷിംഗ്ടണിലെ വെടിക്കെട്ട് മറികടന്നോ എന്ന് ഗിന്നസ് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തെളിവുകള്‍ പൂര്‍ണ്ണമായി പരിശോധിച്ച ശേഷം മാത്രമേ റെക്കോര്‍ഡ് പ്രഖ്യാപനം ഉണ്ടാകൂ എന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വക്താവ് അറിയിച്ചു.
