
കൊല്ലം: ട്രോളിങ് നിരോധനം അവസാനിച്ച് മത്സ്യബന്ധനം പുനരാരംഭിച്ച ആദ്യദിനം തന്നെ കൊല്ലം നീണ്ടകരയില്‍ ദുരന്തം.
ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം 'ശ്രീകൃഷ്ണ ഭഗവാൻ' എന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളിയായ രാജീവ് മരിച്ചു. രണ്ടുപേരെ കാണാതായതിനെ തുടർന്ന് വ്യാപക തിരച്ചില്‍ തുടരുകയാണ്.
ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ ഭൂരിഭാഗത്തെയും രക്ഷപ്പെടുത്തിയെങ്കിലും പുത്തൻതുറ സ്വദേശിയായ രാജീവിനെ രക്ഷിക്കാനായില്ല.
കാണാതായ രണ്ടുപേർക്കായി ഫയർഫോഴ്സ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ്, പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.
52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് ഇറങ്ങിയത്.
അതിനിടെയുണ്ടായ അപകടം മത്സ്യത്തൊഴിലാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
