
ഭോപ്പാല്‍: രാജ്യശ്രദ്ധ ആകര്‍ഷിച്ച ട്വിഷ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയും ട്വിഷയുടെ അമ്മായിയമ്മയുമായ ഗിരിബാല സിംഗിന്റെ മുന്‍കൂര്‍ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കി.
വ്യാഴാഴ്ച രാവിലെ സിബിഐ സംഘം ഗിരിബാല സിംഗിന്റെ വസതിയിലെത്തിയിട്ടുണ്ടെന്നും ഏതുസമയത്തും ഇവരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നുമാണ് സൂചന.
മെയ് 15-ന് കീഴ്‌ക്കോടതി ഗിരിബാല സിംഗിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം, കേസിലെ ഗുരുതരമായ തെളിവുകളും ആരോപണങ്ങളും കൃത്യമായി പരിശോധിക്കുന്നതില്‍ കീഴ്‌ക്കോടതി പരാജയപ്പെട്ടു എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ കേസ് ഡയറിയും മറ്റ് പ്രധാന രേഖകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഭോപ്പാലില്‍ ഒരു പ്രത്യേക ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഭോപ്പാല്‍ പോലീസ് കമ്മീഷണറേറ്റിന് കത്ത് നല്‍കിയിട്ടുണ്ട്.
കേസിന്റെ വിചാരണ വേളയില്‍ സിബിഐയും ട്വിഷയുടെ കുടുംബവും സംസ്ഥാന സര്‍ക്കാരും ഗിരിബാല സിംഗിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഹൈക്കോടതിയില്‍ ഉന്നയിച്ചത്.
സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാനും ഡിജിറ്റല്‍ ഒപ്പുകളും സൈബര്‍ ഫോറന്‍സിക് തെളിവുകളും തിരുത്താനും പ്രതികള്‍ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമത്വം കാണിച്ചതായും മരണവിവരം പോലീസിനെ അറിയിക്കുന്നതില്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തിയതായും കോടതിയെ അറിയിച്ചു.
മരണപ്പെട്ട ട്വിഷയുടെ ശരീരത്തില്‍ മാരകമായ ആയുധങ്ങള്‍ കൊണ്ടുള്ള ഒന്നിലധികം പരിക്കുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഇവരെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കിയതായും ആരോപണമുണ്ട്.
ഗിരിബാല സിംഗും മകനും വിയറ്റ്‌നാമില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ട്വിഷയുടെ പേരിലുള്ള കമ്പനി ഓഹരികള്‍ തങ്ങളുടെ പേരിലേക്ക് മാറ്റാന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി മരണപ്പെട്ട ട്വിഷയുടെ സ്വഭാവഹത്യ നടത്താനും, സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് പൊതുജനങ്ങളുടെ ചിന്താഗതിയെ സ്വാധീനിക്കാനും ഗിരിബാല സിംഗ് ശ്രമിച്ചതായി പ്രൊസിക്യൂഷന്‍ ആരോപിച്ചു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്ന സമയത്ത് ഗിരിബാല സിംഗ് അന്വേഷണവുമായി ഒട്ടും സഹകരിച്ചിരുന്നില്ലെന്നും, ട്വിഷയെ ഇവര്‍ നിരന്തരമായി മാനസിക പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബാംഗങ്ങളുടെ മൊഴികളില്‍ വ്യക്തമാണെന്നും സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതോടെ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം.
