
വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ തദ്ദേശീയരായ തൊഴിലാളികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന തരത്തില്‍ എച്ച്- വണ്‍ബി, പെം തൊഴില്‍ വിസകളില്‍ വന്‍തോതില്‍ ക്രമക്കേട് നടത്തിയ കമ്പനികള്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം വ്യാപകമായ അന്വേഷണം ആരംഭിച്ചു.
പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനിയായ കോഗ്‌നിസെന്റ് അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ ഈ വിസ തട്ടിപ്പ് കേസില്‍ കടുത്ത നിരീക്ഷണത്തിലാണെന്ന് യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വിസ ലഭിക്കുന്നതിനായി കമ്പനികളും ലേബര്‍ ബ്രോക്കര്‍മാരും ചേര്‍ന്ന് വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചതായും, വിദേശ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ശമ്പളത്തിന്റെ ഒരു വിഹിതം തിരികെ വാങ്ങുന്ന ചൂഷണങ്ങളില്‍ ഏര്‍പ്പെട്ടതായും യു.എസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫീസ് കണ്ടെത്തിയിട്ടുണ്ട്.
കുറഞ്ഞ ശമ്പളത്തില്‍ വിദേശ ജീവനക്കാരെ തിരുകിക്കയറ്റി വിപണി പിടിച്ചടക്കാനും അതുവഴി അമേരിക്കന്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനും കമ്പനികള്‍ ഈ വിസ ദുരുപയോഗം വഴി ശ്രമിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
ക്രമക്കേടുകളെക്കുറിച്ച് ഇതിനകം തന്നെ ഡസന്‍ കണക്കിന് സമന്‍സുകള്‍ അയച്ചു കഴിഞ്ഞതായും ഓരോ സൂചനകളും കൃത്യമായി പിന്തുടര്‍ന്ന് അന്വേഷിക്കുമെന്നും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആന്റണി ഡി എസ്‌പോസിറ്റോ വ്യക്തമാക്കി.
കോഗ്‌നിസെന്റ് പോലുള്ള പ്രമുഖ കമ്പനികളിലെ എച്ച്- വണ്‍ബി, പെം വിസ ക്രമക്കേടുകളെക്കുറിച്ച് വിസില്‍ബ്ലോവര്‍മാര്‍ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേരിട്ടുള്ള നേതൃത്വത്തിലുള്ള 'തട്ടിപ്പ് വിരുദ്ധ ടാസ്‌ക് ഫോഴ്‌സിന്റെ' കീഴിലാണ് ഈ ശക്തമായ നടപടികള്‍ പുരോഗമിക്കുന്നത്.
അമേരിക്കയില്‍ നിലവിലുള്ള യഥാര്‍ത്ഥ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഉദ്ദേശിച്ച് രാജ്യം നടപ്പിലാക്കിയ വിസ പദ്ധതികളെ, അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിക്കൊണ്ട് ചില കമ്പനികള്‍ സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാന്‍ ചൂഷണം ചെയ്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.
വിദേശ ഗസ്റ്റ് വര്‍ക്കര്‍ വിസ സമ്പ്രദായത്തെ ദുരുപയോഗം ചെയ്ത് മനുഷ്യക്കടത്തും നിര്‍ബന്ധിത തൊഴില്‍ ചൂഷണവും നടത്തുന്ന വിദേശ ശൃംഖലകളെ പൂര്‍ണ്ണമായും തകര്‍ത്തെറിയാന്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
