Friday, 25 Oct, 9.23 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
ഈ ഭിത്തിയലമാരയില്‍ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു ; ഫുഡ് സപ്ലിമെന്റായ മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തി; അന്ന് കൂടത്തായി വീട്ടില്‍നിന്ന് വെള്ളമെടുത്ത് അതിലും സയനൈഡ് കലര്‍ത്തി വെള്ളക്കുപ്പി ബാഗില്‍ വച്ചു ; ദന്താശുപത്രിയില്‍വച്ച്‌ ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിച്ചു ; സിലിയുടെ മരണം ഉറപ്പാക്കിയത് വിശദീകരിച്ച്‌ ജോളി

കോഴിക്കോട്: കൂടത്തായിയില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണം ഉറപ്പാക്കിയത് എങ്ങനെയെന്ന് വിശദീകരിച്ച്‌ ജോളി .മരുന്നില്‍ സയനൈഡ് കലര്‍ത്തി സിലിയെ വധിക്കാന്‍ ശ്രമിച്ച സംഭവം കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടില്‍ നടന്ന തെളിവെടുപ്പിലാണ് ജോളി വിശദീകരിച്ചത്‌ .

സിലി വധത്തിനായി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോടഞ്ചേരിയിലും താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘം ശേഖരിച്ചത്.

'ഈ ഭിത്തിയലമാരയില്‍ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു'- ജോളി ചൂണ്ടിക്കാട്ടി . അരിഷ്ടത്തില്‍ സയനൈഡ് കലര്‍ത്തി നേരത്തേ 2 തവണ വധിക്കാന്‍ ശ്രമിച്ചതിലും പരാജയപ്പെട്ടപ്പോള്‍ അസുഖബാധിതയെന്നു പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായിരുന്നെന്ന് ജോളി മൊഴി നല്‍കിയിരുന്നു.

കോഴിക്കോട് കെഎസ്‌ആര്‍ടിസി ടെര്‍മിനലിന് എതിര്‍വശത്തെ മെഡിക്കല്‍ ഷോപ്പില്‍നിന്നാണ് സിലിക്കു നല്‍കാന്‍ മഷ്റൂം ഗുളിക വാങ്ങിയതെന്നും ജോളി അറിയിച്ചു. വിവരം ഉറപ്പാക്കാന്‍ ഇന്നലെ വൈകിട്ട് ഇവിടെയെത്തിച്ചെങ്കിലും കട അടച്ചിരുന്നു. ഫുഡ് സപ്ലിമെന്റായ മഷ്റൂം ഗുളികയില്‍ സയനൈഡ് കലര്‍ത്തിയാണ് 2016 ജനുവരി 11ന് സിലിയെ കൊലപ്പെടുത്തിയത്.

സിലിക്കു നല്‍കാന്‍ അന്ന് കൂടത്തായി വീട്ടില്‍നിന്ന് വെള്ളമെടുത്തതും അതില്‍ സയനൈഡ് കലര്‍ത്തിയതും ജോളി വിശദീകരിച്ചു. അടുക്കളയിലെ അലമാരയില്‍നിന്ന് വിഷമെടുത്തു ചേര്‍ത്ത ശേഷം വെള്ളക്കുപ്പി ബാഗില്‍ വച്ചു.

താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വച്ച്‌ ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിക്കുകയായിരുന്നു. ഈ ദന്താശുപത്രിയിലും ഇന്നലെ ജോളിയെയുംകൊണ്ട് അന്വേഷണ സംഘമെത്തി. സിലി മരിച്ച ദിവസത്തെ സംഭവങ്ങളാണ് ഡോക്ടറോടും ജീവനക്കാരോടും ചോദിച്ചത്. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ജീവനക്കാര്‍ മൊഴി നല്‍കി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top