
കോട്ടയം: "എം.എല്‍.എ ഫണ്ട് ജനങ്ങളുടെ നികുതിപ്പണമാണ്;
അതെടുത്ത് എന്തെങ്കിലും ചെയ്തിട്ട് എംഎല്‍എയുടെ പേരെഴുതി വെക്കുന്നത് നാണം കെട്ട പണിയാണ്".
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ സ്വന്തം പേര് വച്ച് പരസ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് വിമർശിച്ചു എം.ജെ സെബാസ്റ്റ്യൻ എം.എല്‍.എ. മുഴുവൻ എംഎല്‍എമാരും എംപിമാരും ഈ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ എന്ന് പ്രശംസിച്ചു ജനം.
ഒരാളെങ്കിലും ഈ രീതിയില്‍ ചിന്തിക്കാൻ തയാറായെല്ലോ എന്നാണ് ജനങ്ങള്‍ പയുന്നത്.
ഒരു ബസില്‍ കയറി യാത്ര പോകുമ്പോള്‍ കാണാനാവുക എം.പി യുടെയും എംഎല്‍എയുടെയും പേര് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നതാണ്.
സ്ഥലത്തിൻ്റെ പേര് ദൂതകണ്ണാടി വെച്ചു നോക്കിയാല്‍ മാത്രം ആ ബോർഡിൻ്റെ ആരും ശ്രദ്ധിക്കാതെ മൂലയില്‍ ചെറിയ അക്ഷരങ്ങളില്‍ കാണാം.
റോഡ് പണിതാലും ബസ് സ്റ്റാൻഡ് പണിതാലു സ്‌കൂള്‍ പണിതാലും സമാന അവസ്ഥ.
ഇതോടെയാണ് പൊതുപ്രവർത്തനത്തിലെ പരസ്യപ്രചാരണ രീതികളെയും ഫലകങ്ങള്‍ വെക്കുന്ന ശീലങ്ങളെയും രൂക്ഷമായി വിമർശിച്ച്
പൂഞ്ഞാർ എംഎല്‍എ പരസ്യമായി രംഗത്ത് വന്നത്.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളില്‍ സ്വന്തം പേര് വച്ച് പരസ്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു കിണറിന് വെറും അയ്യായിരം രൂപയോ, ചെറിയ ദൂരമുള്ള റോഡ് ടാർ ചെയ്യുന്നതിനോ ഫണ്ട് അനുവദിച്ച ശേഷം ചെണ്ടകൊട്ടി ആഘോഷിച്ച് സ്വന്തം പേരെഴുതിയ ഫലകങ്ങള്‍ ഒട്ടിച്ചു വെക്കുന്ന രീതി തനിക്ക് പരമാർത്ഥത്തില്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഫണ്ട് എന്നാല്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണമാണ്. അത് ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളില്‍ സ്വന്തം പേരും വിലാസവും എഴുതിവെക്കുന്നതില്‍ യാതൊരു അർത്ഥവുമില്ല.
ഗീതയില്‍ പറഞ്ഞിരിക്കുന്നത് പോലെ 'കർമ്മം ചെയ്യുക, ഫലത്തില്‍ ഇച്ഛയില്ലാതിരിക്കുക' എന്ന തത്ത്വമാണ് പൊതുപ്രവർത്തനത്തില്‍ പാലിക്കേണ്ടത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വികസന പദ്ധതികളില്‍ തന്റെ പേര് വെയ്ക്കരുതെന്ന് പഞ്ചായത്ത് പ്രസിഡന്റിനോടും അധികൃതരോടും പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ ചുമതല കൃത്യമായി നിർവ്വഹിക്കുക മാത്രമാണ് താൻ ചെയ്യുന്നത്. ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെയും ഭംഗിയായും ചെയ്തുതീർക്കുകയാണ് ഒരു ജനപ്രതിനിധിയുടെ കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെയ്യുന്ന കാര്യങ്ങള്‍ കല്ലിലും ഫ്ലെക്സിലും വേണ്ട. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.
താൻ തുക അനുവദിക്കുന്ന ഒരിടത്തുപോലും ഇത്തരത്തില്‍ വയ്ക്കരുത് എന്നു പറഞ്ഞാണ് നല്‍കുന്നതെന്നും എം.ജെ.സെബാസ്റ്റ്യൻ പറഞ്ഞു.
