
ഗാസിയാബാദ്: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൂര്യ ചൗഹാന്‍ (17) കൊല്ലപ്പെട്ട കേസ്സിലെ മുഖ്യപ്രതി അസദിന്റെ വീടിന് മുന്നില്‍ അധികൃതര്‍ നോട്ടീസ് പതിപ്പിച്ചു.
ഈ വീട് സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഓഫീസ്, 15 ദിവസത്തിനകം കൈയേറ്റം ഒഴുപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ കെട്ടിടം മാറ്റാത്തപക്ഷം നിയമപരമായ തുടര്‍നടപടികള്‍ (ബുള്‍ഡോസര്‍ നടപടി ഉള്‍പ്പെടെ) സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗാസിയാബാദിലെ ഖോദ മേഖലയില്‍ വെച്ച് പ്രതിയായ അസദ് പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ഈ പുതിയ നീക്കം. ഞായറാഴ്ച പുലര്‍ച്ചെ ഖോദ, ഇന്ദിരാപുരം പോലീസ് സ്റ്റേഷന്‍ സംഘങ്ങളുമായി ഉണ്ടായ വെടിവെയ്പ്പിലാണ് അസദിന് പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മേയ് 28-ന് ഖോദ സ്വദേശിയായ സൂര്യ ചൗഹാന് കുത്തേറ്റ സംഭവത്തിലെ പ്രധാന പ്രതിയായിരുന്നു അസദ്. പരിക്കേറ്റ് ചികിത്സയിലായിരുന്ന സൂര്യ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അസദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഖോദയിലെ നവനീത് വിഹാര്‍ കോളനിയില്‍ താമസിക്കുന്ന സൂര്യ ചൗഹാന് ബൈക്ക് ഓടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് കുത്തേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടിയെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് നോയിഡയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൂര്യയുടെ കുടുംബത്തിന്റെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ മൂന്ന് പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളും കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സൂര്യയെ ഫോണ്‍ ചെയ്ത് വിളിപ്പിച്ചു വരുത്തിയ ശേഷം ഒരുകൂട്ടം ആളുകള്‍ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
