
വാഷിംഗ്ടണ്‍: ഗാസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഹമാസ് ആയുധം വെച്ചു കീഴടങ്ങാനും ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങാനും ധാരണയായതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
എന്നാല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പിലാക്കുന്നതില്‍ നിരവധി തടസ്സങ്ങളും നിബന്ധനകളും അനിശ്ചിതത്വങ്ങളും നിലനില്‍ക്കുന്നുണ്ട്. കരാര്‍ അംഗീകരിച്ചതായി ഹമാസോ ഇസ്രായേലോ ഇതുവരെ ഔദ്യോഗികമായി സൂചന നല്‍കിയിട്ടില്ല.
യു.എസ് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ഒപ്പുവെച്ച് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് വൈറ്റ് ഹൗസിന്റെ ഭാഗത്തുനിന്ന് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്.
ഹമാസിന്റെ ആയുധ നിഷ്‌കാസനം, ഗാസയുടെ പുനര്‍നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ മാസങ്ങളായി സ്തംഭനാവസ്ഥയിലായിരുന്നു.
കൃത്യമായി ആസൂത്രണം ചെയ്ത ഘട്ടങ്ങളിലൂടെയാകും കരാര്‍ നടപ്പിലാക്കുകയെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ആയുധ നിഷ്‌കാസനം പൂര്‍ത്തിയാകുന്നതോടെ ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങും. തുടര്‍ന്ന് അന്താരാഷ്ട്ര സ്ഥിരത സേന (ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്‌സ്) പുതിയ പലസ്തീന്‍ പോലീസുമായി ചേര്‍ന്ന് ഗാസയുടെ സുരക്ഷാ ചുമതല ഏറ്റെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കുക, തുരങ്ക ശൃംഖല നശിപ്പിക്കുക, ഇസ്രായേല്‍ സേന പൂര്‍ണ്ണമായി പിന്‍വാങ്ങുക, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന പുതിയ പലസ്തീന്‍ ഗവണ്‍മെന്റ് നിലവില്‍ വരിക, അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക, തകര്‍ന്നടിഞ്ഞ ഗാസയെ പുനര്‍നിര്‍മ്മിക്കുക എന്നിവയാണ് ട്രംപിന്റെ 20 ഇന പദ്ധതി നിര്‍ദ്ദേശിക്കുന്നത്.
ഹമാസിന് പിന്തുണ നല്‍കുന്ന ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
അതേസമയം, ഹമാസിന്റെ ആയുധ നിഷ്‌കാസനത്തിന് കൃത്യമായ സമയപരിധി പ്രഖ്യാപിക്കാന്‍ യു.എസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഗാസയിലെ പോലീസ് സേന അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ കൈമാറുമെന്ന് പ്രസ്താവിച്ചെങ്കിലും, ഹമാസിന്റെ കനത്ത ആയുധ ശേഖരവും തുരങ്കങ്ങളും ഇല്ലാതാക്കുന്നത് 200 മുതല്‍ 350 ദിവസങ്ങള്‍ വരെ നീളുന്ന പ്രക്രിയയാണെന്നാണ് സൂചന.
ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിക്കുമെന്ന കാര്യത്തില്‍ ഇസ്രായേലിന് കടുത്ത സംശയമുണ്ട്. എങ്കിലും കരാറുമായി ഇസ്രായേല്‍ സഹകരിച്ചില്ലെങ്കില്‍ അത് വലിയ നിരാശയായിരിക്കുമെന്ന് ട്രംപ് പ്രതികരിച്ചു. മുമ്പ് വെടിനിര്‍ത്തലിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യൂ എന്ന നിലപാടിലായിരുന്നു ഹമാസ്.
എന്നാല്‍ ഈ മാസമാദ്യം ഗാസയിലെ സ്വന്തം ഭരണകൂടം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ച ഹമാസ്, ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള സമിതിക്ക് അധികാരം കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1,200 ആളുകള്‍ കൊല്ലപ്പെടുകയും 251 പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തതോടെയാണ് ഗാസ യുദ്ധം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ ശക്തമായ തിരിച്ചടിയില്‍ ഇതുവരെ 73,000-ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിലവില്‍ ഗാസയുടെ പകുതിയിലധികം ഭാഗവും ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
