
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃമാറ്റത്തെച്ചൊല്ലിയുള്ള നാടകീയ രംഗങ്ങള്‍ അര്‍ദ്ധരാത്രിയിലും തുടര്‍ന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് അടിയന്തിരമായി ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ കടുത്ത അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് വഴിമാറിക്കൊടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് സിദ്ധരാമയ്യയുടെ ഈ പിന്മാറ്റമെന്നാണ് സൂചന.
ബുധനാഴ്ച രാത്രി 11:30 ഓടെയാണ് ഗവര്‍ണര്‍ ഗെഹ്ലോട്ട് മുംബൈയിലേക്ക് പോയത്. കുടുംബപരമായ അടിയന്തിര ആവശ്യങ്ങള്‍ കാരണമാണ് യാത്രയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, മടക്കയാത്രയ്ക്കുള്ള ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ഇതുവരെ ബുക്ക് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെ അദ്ദേഹം ഇന്‍ഡോറിലേക്ക് പോകുമെന്നാണ് വിവരം.
രാജി സമര്‍പ്പിക്കാനായി സിദ്ധരാമയ്യ ഗവര്‍ണറുടെ സമയം ചോദിച്ചതിന് തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ ഈ പെട്ടെന്നുള്ള യാത്ര എന്നത് ശ്രദ്ധേയമാണ്. ഗവര്‍ണറുടെ അഭാവത്തിലാണ് മുഖ്യമന്ത്രി രാജി നല്‍കുന്നതെങ്കില്‍, രാജി കത്ത് രാജ്ഭവന്‍ സെക്രട്ടറിക്ക് കൈമാറാനാണ് സാധ്യത. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30-നും 3:00-നും ഇടയില്‍ സിദ്ധരാമയ്യ രാജ്ഭവന്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരം.
രാജി വെക്കാനുള്ള തന്റെ തീരുമാനം സിദ്ധരാമയ്യ തങ്ങളെ അറിയിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ആര്‍.വി. ദേശ്പാണ്ഡെ വ്യക്തമാക്കി. ബുധനാഴ്ച ദിവസം മുഴുവന്‍ നിരവധി മന്ത്രിമാരും എംഎല്‍എമാരും സിദ്ധരാമയ്യയുടെ വസതിയിലെത്തി പദവിയില്‍ തുടരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
രാജിക്ക് മുന്നോടിയായി വ്യാഴാഴ്ച രാവിലെ 9 മണിക്ക് തന്റെ ഔദ്യോഗിക വസതിയായ 'കാവേരി'യില്‍ സിദ്ധരാമയ്യ മന്ത്രിമാരുടെ പ്രഭാതഭക്ഷണ യോഗം വിളിച്ചിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം അദ്ദേഹം രാജി പ്രഖ്യാപിച്ചേക്കും.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 77-കാരനായ സിദ്ധരാമയ്യ രാജിക്ക് സമ്മതിച്ചത്.
പാര്‍ട്ടി പദവികളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമ്പോള്‍ സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും ദേശീയ രാഷ്ട്രീയത്തില്‍ വലിയൊരു പദവിയും കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയത്തിലേക്ക് മാറാന്‍ അദ്ദേഹത്തിന് വലിയ താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ, 2025 ഡിസംബറിലും കര്‍ണാടകയില്‍ സമാനമായ രീതിയില്‍ നേതൃമാറ്റ അഭ്യൂഹങ്ങള്‍ ഉയര്‍ന്നപ്പോള്‍ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒന്നിച്ച് പ്രഭാതഭക്ഷണ ചര്‍ച്ച നടത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഭരണം പകുതി കാലാവധി പിന്നിടുമ്പോള്‍ മുഖ്യമന്ത്രി പദം പങ്കുവെക്കുമെന്ന മുന്‍ ധാരണപ്രകാരം ഡി.കെ. ശിവകുമാറിന് വഴിമാറാന്‍ സിദ്ധരാമയ്യ നിര്‍ബന്ധിതനാവുകയായിരുന്നു.
