
ഗാന്ധിനഗർ: ഗുജറാത്തില്‍ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പട്ടികജാതി (എസ്.സി), പട്ടികവർഗ(എസ്.ടി) വിഭാഗങ്ങള്‍ക്കെതിരെ റിപ്പോർട്ട് ചെയ്തത് 4,890 അതിക്രമ കേസുകള്‍.
എന്നാല്‍ ഇത്തരം അതിക്രമ കേസുകളില്‍ കോടതികളില്‍ നിന്നുള്ള ശിക്ഷാ നിരക്ക് വളരെ കുറവാണെന്ന് ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്.
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത കേസുകളില്‍ അഹമ്മദാബാദ്, രാജ്‌കോട്ട്, സുരേന്ദ്രനഗർ, ബനസ്‌കന്ത, വഡോദര തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊലപാതകം, വധശ്രമം, ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജാതീയമായ അധിക്ഷേപം, ലൈംഗികാതിക്രമങ്ങള്‍ തുടങ്ങി അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇതില്‍ ഭൂരിഭാഗവും.
കേസുകള്‍ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും കോടതികളില്‍ വിചാരണ പൂർത്തിയാകുമ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിന്റെ തോത് വളരെ കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലെ വീഴ്ചകള്‍, സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നത്, വിചാരണയിലെ അനാവശ്യ കാലതാമസം, മതിയായ തെളിവുകള്‍ ഹാജരാക്കാൻ കഴിയാത്ത അവസ്ഥ എന്നിവയാണ് പ്രതികള്‍ രക്ഷപ്പെടുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അർഹരായ ഇരകള്‍ക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും സാമ്പത്തിക സഹായവും ലഭ്യമാക്കുന്നതിലും കാലതാമസം നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ് ഗുജറാത്തിലെ ശിക്ഷാ നിരക്കെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍ രാജ്യത്താകമാനമുള്ള അതിക്രമ കേസുകളിലെ ശിക്ഷാ നിരക്ക് പട്ടികജാതി വിഭാഗത്തില്‍ 33.9 ശതമാനവും പട്ടികവർഗ്ഗ വിഭാഗത്തില്‍ 33.2 ശതമാനവുമായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ ഇത് യഥാക്രമം വെറും 5.4 ശതമാനവും 4.5 ശതമാനവും മാത്രമാണ്.
2022-ല്‍ 4.4 ശതമാനമായിരുന്ന എസ്.സി വിഭാഗത്തിലെ ശിക്ഷാ നിരക്ക് 2023-ല്‍ 7.4 ശതമാനമായി ഉയർന്ന ശേഷമാണ് 2024-ല്‍ വീണ്ടും 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞത്. സമാനമായി എസ്.ടി വിഭാഗത്തിലെ ശിക്ഷാ നിരക്ക് 2023-ല്‍ 11.7 ശതമാനത്തില്‍ നിന്ന് 2024-ല്‍ 4.5 ശതമാനമായി കൂപ്പുകുത്തുകയും ചെയ്തു. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 4,890 കേസുകളില്‍ 81 ശതമാനത്തോളവും പട്ടികജാതി വിഭാഗങ്ങള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം, കേസുകളിലെ അന്വേഷണ ബാക്കിനില്‍പ്പ് 2022-ലെ 489-ല്‍ നിന്ന് 2024-ല്‍ 449 ആയി കുറഞ്ഞിട്ടുണ്ട്. ഇരകള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായത്തിലും നഷ്ടപരിഹാരത്തിലും വർദ്ധനവുണ്ടായി. മൂന്ന് സാമ്പത്തിക വർഷങ്ങളിലായി (2022-23 മുതല്‍ 2024-25 വരെ) 6,477 ഇരകള്‍ക്കായി കേന്ദ്ര വിഹിതമുള്‍പ്പെടെ 64 കോടിയോളം രൂപ വിതരണം ചെയ്തതായും റിപ്പോർട്ടിലുണ്ട്. എന്നിരുന്നാലും, വിചാരണ പൂർത്തിയാകുന്ന കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് കുറ്റവാളികള്‍ക്ക് ഭയമില്ലാതാക്കാനും അതിക്രമങ്ങള്‍ ആവർത്തിക്കപ്പെടാനും ഇടയാക്കുന്നുവെന്ന് ദളിത് അവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
