
ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും അദ്ദേഹം മാനവ രാശിക്കു നല്‍കിയ സന്ദേശങ്ങളും പുതുതലമുറയ്ക്ക് അനിവാര്യമാണെന്നും അവ പ്രാബല്യത്തില്‍ വരുത്തി ജീവിതം അർത്ഥപൂർണമാക്കണമെന്നും മെഹ്റോളി എംഎല്‍എ ഗജേന്ദ്ര യാദവ് അഭിപ്രായപ്പെട്ടു.
എസ്‌എൻഡിപി യോഗം ഡല്‍ഹി യൂണിയൻ മെഹ്റോളി ശാഖയുടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാള്‍വിയ നഗറിലെ പിടിഎസ് പോലീസ് കോളനിയിലുള്ള മംഗള്‍ സദനിലായിരുന്നു ആഘോഷ പരിപാടികള്‍ക്കായി വേദി ഒരുക്കിയത്. ഏരിയ വനിതാ സംഘത്തിന്റെ സഹകരണത്തോടെയാണ് ചടങ്ങുകള്‍ അരങ്ങേറിയത്.
ശാഖാ പ്രസിഡന്റ് കെ ജി സുനില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തില്‍ എസ്‌എൻഡിപി യോഗം ഡല്‍ഹി യൂണിയൻ പ്രസിഡന്റ് ടി എസ് അനില്‍ നിലവിളക്കു കൊളുത്തി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എ ഡി ഓമനകുട്ടൻ, അഡ്വ കെ ഗിരീഷ് കുമാർ, സുഷമ വിദ്യാധരൻ, ശാഖാ സെക്രട്ടറി എൻ പി സിജിമോൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് ജൈനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ മുതല്‍ നടന്ന ചടങ്ങുകളില്‍ ചതയ സദ്യയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ക്ക് ചാരുതയേകി. ഡല്‍ഹിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
