
വാഷിംഗ്ടണ്‍ ഡിസി: ഹോർമുസ് കടലിടുക്കില്‍ എണ്ണക്കപ്പലുകള്‍ക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് ഇറാനെതിരേ ശക്തമായി തിരിച്ചടിച്ച് അമേരിക്ക.
ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാർ കേന്ദ്രങ്ങള്‍ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിലാണ് അമേരിക്ക ഇന്നു പുലർച്ചെ ആക്രമണം നടത്തിയത്.
ഇതിനു മറുപടിയായി ബഹറിനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങളിലേക്കു മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാനും തിരിച്ചടിച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക വെടിനിർത്തല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സംഘർഷം വീണ്ടും രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയർന്നു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഖത്തർ, സൗദി അറേബ്യ എന്നിവരുടേതുള്‍പ്പെടെ മൂന്ന് എണ്ണക്കപ്പലുകള്‍ക്കുനേരേ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനുപിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണ് യുഎസ് സെൻട്രല്‍ കമാൻഡ് ശക്തമായ വ്യോമാക്രമണം നടത്തിയത്.
ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, ഖാർഗ് ദ്വീപ്, സിരിക്, ഖേഷ്മം ദ്വീപ് എന്നിവിടങ്ങളിലായി ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ 60ഓളം ചെറിയ ബോട്ടുകള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, കമാൻഡ് സെന്‍ററുകള്‍ ഉള്‍പ്പെടെ 80ലധികം ലക്ഷ്യസ്ഥാനങ്ങള്‍ അമേരിക്കൻ
ബോംബാക്രമണത്തില്‍ തകർന്നു.
ഇതിനു മറുപടിയായി യുഎസ് നേവിയുടെ ബഹറിനിലെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനവും കുവൈറ്റിലെ അലി അല്‍ സാലം വ്യോമത്താവളവും ഉള്‍പ്പെടെ 85 പ്രമുഖ അമേരിക്കൻ സൈനിക കേന്ദ്രങ്ങള്‍ക്കുനേരേ ആക്രമണം നടത്തിയതായി ഇറാൻ വിപ്ലവഗാർഡുകള്‍ അറിയിച്ചു.
തങ്ങളുടെ സൈനികനീക്കത്തില്‍ ഇടപെടാൻ ശ്രമിച്ച അമേരിക്കയുടെ ഒരു എംക്യു-9 അത്യാധുനിക ഡ്രോണ്‍ വെടിവച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കുവൈറ്റിലും ബഹറിനിലും
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി.
കഴിഞ്ഞ മാസം ഒപ്പുവച്ച 14 ഇന താത്കാലിക സമാധാന കരാറിന്‍റെ നഗ്നമായ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാല്‍, കപ്പലുകള്‍ക്കുനേരേയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്നും അതിനു കടുത്ത വില നല്‍കേണ്ടിവരുമെന്നും അമേരിക്ക വ്യക്തമാക്കി.
സംഘർഷം കടുത്തതോടെ ഇറാനുമേല്‍ അമേരിക്ക വീണ്ടും കർശനമായ എണ്ണ ഉപരോധം ഏർപ്പെടുത്തി. കഴിഞ്ഞ മാസം ഒപ്പുവച്ച താത്കാലിക കരാറിന്‍റെ ഭാഗമായി ഓഗസ്റ്റ് 21 വരെ ഇറാനില്‍നിന്ന് എണ്ണ വില്‍ക്കാൻ നല്‍കിയിരുന്ന അനുമതി യുഎസ് ട്രഷറി റദ്ദാക്കി. ഈമാസം 17നകം എണ്ണ വ്യാപാര ഇടപാടുകള്‍ പൂർണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ നിർദേശം.
പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷം മൂർച്ഛിച്ചതോടെ ആഗോളവിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്‌ട്ര ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് വില 5.8 ശതമാനം വർധിച്ച് ബാരലിന് 76.2 ഡോളറിലെത്തി.
