
ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ ഒമാന്‍ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ മിസൈല്‍ ആക്രമണം.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചതായി ബ്രിട്ടീഷ് സൈന്യം അറിയിച്ചു.
ആഗോളതലത്തില്‍ സമാധാനകാലത്ത് അഞ്ചിലൊന്ന് എണ്ണയും പ്രകൃതിദത്ത വാതകവും കടന്നുപോയിരുന്ന പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഈ ഇടുങ്ങിയ കവാടത്തില്‍ കപ്പലുകളെ ലക്ഷ്യമിട്ട് നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
ഇറാന്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള പാത ഉപയോഗിച്ചതിനാണ് ആക്രമണമെന്നതിനാല്‍ സംശയമുന നീളുന്നത് ഇറാനിലേക്കാണ്.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കുന്നതിനും ഇറാന്റെ വിവാദ ആണവ പരിപാടി തടയുന്നതിനും ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിന് സ്ഥിരമായ അന്ത്യം കുറിക്കുന്നതിനുമായി ഇറാനുമായി ചര്‍ച്ചകള്‍ തുടരാന്‍ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മുന്‍പ് ഈ മേഖലയിലുണ്ടായ ആക്രമണങ്ങള്‍ക്ക് അമേരിക്ക തിരിച്ചടി നല്‍കിയപ്പോള്‍, ഇറാന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളെ ആക്രമിച്ചത് സംഘര്‍ഷം കൂടുതല്‍ വഷളാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം, യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമേ യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുള്ളൂ.
ഖമേനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തവര്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കണമെന്ന് മുദ്രാവാക്യം വിളിച്ചതായി സൂചനകളുണ്ട്. ചൊവ്വാഴ്ച വിലാപ ചടങ്ങുകള്‍ നടന്ന ഷിയാ തീര്‍ത്ഥാടന നഗരമായ കോമിലേക്ക് ഖമേനിയുടെ മൃതദേഹം കഴിഞ്ഞ രാത്രിയാണ് എത്തിച്ചത്.
കടലിടുക്കില്‍ ഒമാന്റെ ഭാഗമായ ലിമയ്ക്ക് സമീപമാണ് ടാങ്കര്‍ ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. കപ്പലിന്റെ ഇടതുഭാഗത്താണ് മിസൈല്‍ പതിച്ചത്. ഈ സമയം കപ്പല്‍ തെക്കോട്ട് ഒമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങുകയായിരുന്നു. ആക്രമണം പരിസ്ഥിതിക്ക് ദോഷം വരുത്തിയിട്ടില്ലെന്നും അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടലിടുക്കിലൂടെ പോകുന്ന എല്ലാ എണ്ണക്കപ്പലുകളും തങ്ങള്‍ അംഗീകരിച്ച പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇറാന്റെ സംയുക്ത സൈനിക കമാന്‍ഡ് കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ ഇറാന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് മാറുകയോ ചെയ്താല്‍ സായുധ സേനയില്‍ നിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഇറാന്റെ താക്കീത്.
കൂടാതെ അമേരിക്കന്‍ സേനയുടെ ഇടപെടലുകള്‍ക്ക് എതിരെയും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
താല്‍ക്കാലിക കരാറിന്റെ ഭാഗമായി 60 ദിവസത്തേക്ക് കപ്പലുകള്‍ക്ക് സൗജന്യമായി കടന്നുപോകാന്‍ യു.എസും ഇറാനും സമ്മതിച്ചിരുന്നെങ്കിലും, പാതകളുടെ നിയന്ത്രണം ഏറ്റെടുക്കാനും പിന്നീട് ഫീസ് ഈടാക്കാനുമുള്ള ഇറാന്റെ നീക്കമാണ് ദശാബ്ദങ്ങളായുള്ള അന്താരാഷ്ട്ര നാവിക കീഴ്വഴക്കങ്ങളെ അട്ടിമറിച്ചത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്‍ ഫീസ് ഈടാക്കുന്നതിനെ അമേരിക്കയും ഗള്‍ഫ് അറബ് രാജ്യങ്ങളും എതിര്‍ക്കുന്നു. ഇതിനിടെ ഒമാനും യു.എന്‍ ഏജന്‍സിയും ചേര്‍ന്ന് ഒമാന്‍ തീരത്തോട് ചേര്‍ന്ന് പുതിയൊരു പാത ആരംഭിക്കാന്‍ ശ്രമിച്ചതാണ് പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം വഷളാക്കിയത്.
കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം 108 കപ്പലുകള്‍ വിവിധ പാതകളിലൂടെ ഈ കടലിടുക്ക് മുറിച്ചുകടന്നതായി വിവരശേഖരണ ഏജന്‍സിയായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കോമിലെ ജംകാരന്‍ മസ്ജിദിലേക്ക് പതിനായിരക്കണക്കിന് ആളുകള്‍ ഖമേനിയുടെ വിലാപയാത്രയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തുന്ന തത്സമയ ദൃശ്യങ്ങള്‍ ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു.
ഖമേനിയുടെയും ഇറാന്റെ പുതിയ പരമോന്നത നേതാവും അദ്ദേഹത്തിന്റെ മകനുമായ ആയത്തുള്ള മൊജ്തബ ഖമേനിയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകള്‍ ജനങ്ങള്‍ ഉയര്‍ത്തിയിരുന്നു.
എന്നാല്‍ വിലാപ ചടങ്ങുകളില്‍ മൊജ്തബ ഖമേനി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പിതാവ് കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ പരിക്കേറ്റ ഇദ്ദേഹം നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. ഏപ്രിലിലെ വെടിനിര്‍ത്തലിന് മുന്‍പ്, ഇസ്രായേല്‍ ഇറാന്റെ പ്രമുഖ നേതാക്കളെ ലക്ഷ്യമിട്ടിരുന്നു.
പുതിയ നേതാവായ മൊജ്തബയെയും വധിക്കുമെന്ന് ഇസ്രായേല്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച ഔദ്യോഗിക വിലാപ ആചരണം വ്യാഴാഴ്ച ഖമേനിയുടെ ജന്മദേശമായ മഷാദിലെ ഇമാം റെസ മസ്ജിദില്‍ ഭൗതികശരീരം സംസ്‌കരിക്കുന്നതോടെ അവസാനിക്കും. 86-ാം വയസ്സിലാണ് ഖമേനി കൊല്ലപ്പെട്ടത്. അതിനാലാണ് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
