
ടെഹ്‌റാന്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സൈനിക കേന്ദ്ര ലക്ഷ്യമാക്കി അമേരിക്കയുടെ പുതിയ വ്യോമാക്രമണം.
അന്താരാഷ്ട്ര കപ്പല്‍ ചാലുകള്‍ക്കും തങ്ങളുടെ സൈന്യത്തിനും ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ ഡ്രോണ്‍ കണ്‍ട്രോള്‍ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
പ്രദേശത്ത് യുഎസ് സൈന്യം നാല് ഇറാനിയന്‍ ഡ്രോണുകള്‍ വെടിവെച്ചിടുകയും ചെയ്തു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന്‍ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. അഞ്ചാമതൊരു ഡ്രോണ്‍ കൂടി വിക്ഷേപിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് യുഎസ് ഈ പ്രത്യാക്രമണം നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ 1:30 ഓടെ ബന്ദര്‍ അബ്ബാസിന് കിഴക്കായി കുറഞ്ഞത് മൂന്ന് ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിനിറ്റുകളോളം സജീവമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തോടെയാണ് ഈ വലിയ സൈനിക സംഘര്‍ഷം ആരംഭിക്കുന്നത്. മൂന്ന് മാസമായി തുടരുന്ന ഈ യുദ്ധത്തില്‍ ഇതിനകം ആയിരക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആഗോള എണ്ണവിപണി കടുത്ത പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്.
ലോകത്തെ ആകെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ജലപാതയായതിനാല്‍ ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള ചെറിയ സൈനിക നീക്കങ്ങള്‍ പോലും ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമാകുന്നുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ താല്ക്കാലിക വെടിനിര്‍ത്തലും സമാധാന ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടയിലാണ് ഈ പുതിയ വ്യോമാക്രമണം നടന്നിരിക്കുന്നത്.
എന്നാല്‍ ഇത് തങ്ങളുടെ ആത്മരക്ഷാര്‍ത്ഥം നടത്തിയ തികച്ചും പ്രതിരോധപരമായ നീക്കം മാത്രമാണെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന്റെയും ഒമാന്റെയും സംയുക്ത മേല്‍നോട്ടത്തില്‍ സമാധാന കരാര്‍ രൂപപ്പെടുന്നുവെന്ന ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളുടെ വാര്‍ത്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പൂര്‍ണ്ണമായി തള്ളിയിരുന്നു.
