
ഡല്‍ഹി: ഇ20 ഇന്ധന നയത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ഓഗസ്റ്റ് 1 ശനിയാഴ്ച ദേശീയ ടൗണ്‍ ഹാള്‍ യോഗം സംഘടിപ്പിക്കുന്നു.
രാജ്യവ്യാപകമായി വിദഗ്ദ്ധരെയും ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് പരിപാടി നടക്കുന്നത്.
പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന ഇ20 നയം കാരണം രാജ്യത്തെ ലക്ഷക്കണക്കിന് വാഹന ഉടമകള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും വാഹനം തകരാറിലാകാനും മൈലേജ് കുറയാനും ഇത് കാരണമാകുന്നുണ്ടെന്നും എ.എ.പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
ജനകീയ പ്രക്ഷോഭമായി ഇത് മാറും മുന്‍പ് പ്രധാനമന്ത്രി വിഷയം പരിഹരിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2023-ന് മുന്‍പ് നിര്‍മ്മിച്ച ഏകദേശം 30 കോടിയോളം വരുന്ന വാഹനങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ബന്ധിത തീരുമാനം പൂര്‍ണ്ണമായും ആക്രിയായി മാറ്റുമെന്നാണ് പാര്‍ട്ടിയുടെ വാദം. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനായി ആരംഭിച്ച ഓണ്‍ലൈന്‍ നിവേദനത്തില്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടൗണ്‍ ഹാള്‍ യോഗത്തില്‍ നേരിട്ടും വാട്സ്‌ആപ്പ് ലിങ്ക് വഴി ഓണ്‍ലൈനായും പങ്കടുക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ടൗണ്‍ ഹാള്‍ ചര്‍ച്ചയ്ക്ക് ശേഷം ഇ20 നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നിവേദനം സമര്‍പ്പിക്കാന്‍ പോകുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
