Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ഇടതുപക്ഷചിന്തകളുടെ പ്രസക്തി ചര്‍ച്ചചെയ്തുകൊണ്ട് ചില്ലയുടെ സാംസ്ക്കാരിക ഇടപെടല്‍.

Sathyam Online 3 weeks ago

റിയാദ് :സാഹിത്യവും കലയും സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകള്‍ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മെയ് മാസവായന.

മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുല്‍ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്റ് : ചലഞ്ചെസ് കോണ്‍ഫ്രണ്‍റ്റിംഗ് ഇന്ത്യൻ ലെഫ്റ്റ് " എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ ഇടത് പക്ഷം നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചു കാട്ടുന്നുണ്ട്.

രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും, ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത്‌ നേരിടുന്ന വെല്ലുവിളികള്‍, കൈവരിച്ച നേട്ടങ്ങള്‍, പരിമിതികള്‍, ഭാവി അതിജീവന സാധ്യതകള്‍ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയില്‍, വർഗ്ഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങള്‍ക്കൊപ്പം,ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങള്‍ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.

കെ .ആർ മീര രചിച്ച "കലാച്ചി" എന്ന നോവല്‍ വായനയുടെ വിവിധ തലങ്ങള്‍ വിപിൻ കുമാർ സദസിന് മുന്നില്‍ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവല്‍ മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്. ഒന്നുറങ്ങി ഉണരുമ്പോള്‍ സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണ്ണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങള്‍ വിപിൻ വിശദീകരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച 'യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവില്‍ പങ്കുവച്ചു.

എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങള്‍ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി. യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങള്‍ തുടങ്ങിയ ഭാഗങ്ങള്‍ സതീഷ് സദസിന് മുന്നില്‍ വായിച്ചു.

തുടർന്ന് നടന്ന ചർച്ചക്ക് സീബ കൂവോട് തുടക്കം കുറിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയില്‍ പങ്കെടുത്തു. ചർച്ചകള്‍ ഉപസംഹരിച്ചു കൊണ്ട്‌ ചില്ല കോർഡിനേറ്റർ സുരേഷ് ലാല്‍ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online