
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഐ.എ.എസ്. ലഭിച്ചെന്ന വ്യാജ അവകാശവാദത്തെ തുടര്‍ന്നു കോളജില്‍ വിദ്യാര്‍ത്ഥിനിക്കു സ്വീകരണവും അനുമോദനവും നല്‍കിയ സംഭവം നടന്നതായി കോഴിക്കോട് സിറ്റി പോലീസ് സ്ഥിരീകരിച്ചു.
2014-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ പഠിച്ചിരുന്ന എം.എ. ഷഹനാസ് എന്ന വിദ്യാര്‍ഥിനിക്കെതിരെ ഉയര്‍ന്ന ആരോപണമാണ് പോലീസ് അന്വേഷണത്തില്‍ ശരിയാണെന്നു വ്യക്തമായിരിക്കുന്നത്.
വിഷയം ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിക്കു പ പരാതി നല്‍കിയിരുന്നു.
പരാതിയില്‍ അന്വേഷണം നടത്താൻ കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കു മുഖ്യമന്ത്രി നിർദേശം നല്‍കിയിരുന്നു. അന്വേഷണം നടത്തിയ ശേഷമുള്ള ഔദ്യോഗിക മറുപടി കത്തിലാണ് ഈ വിവരങ്ങളുള്ളത്.
2014 കാലഘട്ടത്തില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ എം.കോം കോഴ്സിന് പഠിച്ചിരുന്ന സമയത്താണു ചില രേഖകളുടെ അടിസ്ഥാനത്തില്‍ തനിക്കു സിവില്‍ സര്‍വീസ് റാങ്ക് ലഭിച്ചതായി വിദ്യാര്‍ഥിനി പ്രചരിപ്പിച്ചത്.
ഇതിനെ തുടര്‍ന്നു കോളജ് അധികൃതരും അധ്യാപകരും ചേര്‍ന്നു വിദ്യാര്‍ത്ഥിനിയെ കോളജില്‍ വെച്ച് ഔദ്യോഗികമായി അനുമോദിക്കുകയും സ്വീകരണം നല്‍കുകയും ചെയ്തു.
പിന്നീട് ഈ അവകാശവാദം വ്യാജമാണെന്നു വ്യക്തമായതോടെ, വിദ്യാര്‍ത്ഥിനി കോഴ്സ് പൂര്‍ത്തിയാക്കാതെ കോളജില്‍ നിന്നും പഠനം ഉപേക്ഷിച്ചു പോകുകയായിരുന്നു.
കസബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വസ്തുതകള്‍ കണ്ടെത്തിയത്. എന്നാല്‍, സംഭവത്തില്‍ പോലീസിന് നേരിട്ട് നടപടിയെടുക്കേണ്ട നിയമപരമായ സാഹചര്യങ്ങള്‍ നിലവിലില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം, വിഷയം അതീവ ഗുരുതരമാണെന്ന് അഡ്വ. കുളത്തൂര്‍ ജയ്സിങ് പ്രതികരിച്ചു. സംഭവം നടന്ന് ഇത്രയും നാളായിട്ടും കോളജ് അധികൃതര്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തത് കുറ്റകരമായ പ്രവൃത്തിയെ മറച്ചുവെക്കുന്നതിന് തുല്യമാണെന്നും, ഇത്തരം നിലപാടുകള്‍ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
