Tuesday, 04 Aug, 7.39 pm Sathyam Online

പ്രധാന വാര്‍ത്തകള്‍
ഇന്ദിരാഗാന്ധിയുടെ മൃദു ഹിന്ദുത്വ നയം ഏറ്റെടുത്ത് പ്രിയങ്കയുടെ പുതിയ നീക്കം ! പിന്തുണച്ച്‌ എഐസിസി ! പുതിയ നയം പ്രാദേശിക വികാരങ്ങള്‍ക്കനുസരിച്ചെന്ന് ലീഗിനോട് കോണ്‍ഗ്രസ് ! മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് പറഞ്ഞു തീര്‍ക്കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ട് എഐസിസി ! നാളത്തെ ലീഗ് യോഗം പ്രകോപനമാകില്ല !

ഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ ആദ്യമായി മൃദു ഹിന്ദുത്വ നിലപാട് കൈക്കൊണ്ട നേതാവ് ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരയുടെ ഭരണസംവിധാനങ്ങളിലും ഇന്ദിര നയിച്ച കോണ്‍ഗ്രസിലും ഹിന്ദു മേധാവിത്വം പ്രകടമായിരുന്നു.

പിന്നീട് മതേതര പാര്‍ട്ടിയെന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്നതില്‍ ആവേശം കാണിച്ചവരായിരുന്നു കോണ്‍ഗ്രസിനെയും കേന്ദ്ര സര്‍ക്കാരിനെയും നയിച്ച കോണ്‍ഗ്രസ് നേതൃത്വം.

ഇപ്പോള്‍ ആ നയം തിരുത്തി രംഗത്തുവന്നിരിക്കുകയാണ് ഇന്ദിരയുടെ കൊച്ചുമകള്‍ പ്രിയങ്ക. പ്രകടമായ മൃദു ഹിന്ദുത്വ സമീപനം ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ ഇന്നത്തെ പ്രസ്താവന.

ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും, സാംസ്കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

ഇന്നലെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്‌ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചപ്പോള്‍ അതിനെതിരെ മുസ്ലിംലീഗ് രംഗത്തുവരികയും ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയശേഷമേ പ്രതികരണത്തിനുള്ളു എന്നു വ്യക്തമാക്കുകയുമായിരുന്നു.

ഇതോടെ കമല്‍നാഥിനെ എഐസിസി തള്ളിപ്പറയും എന്ന് ലീഗും മറ്റ് മുസ്ലിം സംഘടനകളും കരുതിയിരിക്കുമ്ബോഴാണ് പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖ നേതാവുതന്നെ കൂടുതല്‍ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്.

മാത്രമല്ല, തൊട്ടുപിന്നാലെ എഐസിസി അതിനു പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. ഇതോടെ മുസ്ലിംലീഗ് ചൊടിച്ചിരിക്കുകയാണ്. മാത്രമല്ല, സംസ്ഥാന നേതൃയോഗം അവര്‍ കോഴിക്കോട് വിളിക്കുകയും ചെയ്തു.

ലീഗ് പിണങ്ങിയാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് പ്രശ്നമല്ല. പക്ഷെ കേരളത്തില്‍ മുസ്ലിംലീഗ് പിണങ്ങിയാല്‍ പിന്നെ യുഡിഎഫിന്റെ കാര്യം അധോഗതിയാണ്. കേരളാ ഘടകത്തോട് ലീഗിനെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.

അതായത് മൃദു ഹിന്ദുത്വ നിലപാടില്‍ നിന്ന് പിന്നോക്കം പോകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ന്യായീകരണങ്ങള്‍ മുസ്ലിംലീഗിനും മറ്റ് മുസ്ലിം പാര്‍ട്ടികള്‍ക്കും തള്ളിക്കളയാനും കഴിയില്ല.

കാരണം ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയിലാണ് പ്രിയങ്കയുടെ പ്രതികരണമെന്നും സംസ്ഥാനത്തെ പ്രാദേശിക വിഷയത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണ് ഇതെന്നുമാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം.

അയോധ്യ ഭൂമിയിലെ തര്‍ക്കം സുപ്രിം കോടതി വിധിയോടെ അവസാനിച്ചതാണ്. എല്ലാവരും അംഗീകരിച്ച കോടതി തീരുമാനപ്രകാരമാണ് രാമക്ഷേത്ര നിര്‍മ്മാണം. അതംഗീകരിക്കാതെ തരമില്ല. യുപിയില്‍ ബിജെപി നിലവിലെ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ആ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചുള്ള നിലപാട് മാത്രമെ രാമക്ഷേത്ര നിര്‍മ്മാണത്തിലും സ്വീകരിക്കാനാകൂ.

എഐസിസി അംഗീകരിച്ചത് യുപിയിലെ സംസ്ഥാന വിഷയത്തില്‍ പ്രിയങ്കയുടെ നിലപാടാണ്. ഇങ്ങനെയാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. എന്തായാലും എടുത്തുചാടി മുസ്ലിംലീഗ് മറിച്ചൊരു നിലപാട് സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസിനുറപ്പുണ്ട്. അതേസമയം കോണ്‍ഗ്രസ് ഭാവിയിലേയ്ക്കും ഈ നിലപാട് തുടരുകയാവും ചെയ്യുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top